നിപ ഉറവിടം റമ്പൂട്ടാനെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവത്തിൽ രോഗബാധയുടെ ഉറവിടം കുട്ടി കഴിച്ച റമ്പൂട്ടാൻ പഴം തന്നെയാകുമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. കുട്ടി റമ്പൂട്ടാൻ കഴിച്ചിരുന്നു. കുട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് ആയതോടെയാണ് റമ്പൂട്ടാൻ തന്നെയാകും രോഗകാരണമെന്ന നിഗമനത്തിലേക്ക് ബന്ധപ്പെട്ടവർ എത്തിയത്.

റമ്പൂട്ടാൻ മരത്തിന് സമീപത്ത് തന്നെ വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. രോഗം വന്നയിടങ്ങളിൽ ഒരു വീട്ടിൽ മുപ്പത് പേർ എന്ന നിലയ്ക്ക് വീട് അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. നിപ ആദ്യം വന്ന അവസ്ഥയിൽ നിന്ന് മുന്നൊരുക്കങ്ങൾ ഏറെ മാറിയതും കൂടാതെ ക്വാറന്റൈൻ, സാമൂഹിക അകലം, മാസ്‌ക് പോലുള്ള കാര്യങ്ങളിൽ ജനങ്ങൾ അവബോധം നേടിയതും പ്രതിരോധ പ്രവർത്തനങ്ങളെ എളുപ്പമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു

എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് താത്കാലിക ആശ്വാസം തരുന്നുണ്ട്. എങ്കിലും രോഗ ഉറവിടം പൂർണമായും കണ്ടെത്തുന്നതുവരെ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.