സിൽവർ ലൈൻ പദ്ധതി സർവേക്കെതിരെ ഹൈക്കോടതി. സർവേയുടെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഡിപിആറിൽ ശരിയായ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേ എന്തിനാണെന്ന് കോടതി ചോദിച്ചു. അതേസമയം സമാനമായ ഹർജിയിൽ ഡിവിഷൻ ബഞ്ചിൽ വിധി വരാനുണ്ടെന്നും എതിർസത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും സർക്കാർ പറഞ്ഞു.
സർവേ നടപടികൾ നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണനക്ക് എത്തിയപ്പോഴാണ് സർക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ചോദ്യങ്ങൾ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഡിപിആർ തയ്യാറാകുന്നതിന് മുമ്പായിരുന്നു ശരിയായ സർവേ നടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നത്. ഇപ്പോൾ എന്ത് സാഹചര്യത്തിലാണ് സർവേ നടപടികളുമായി മുന്നോട്ടുപോകുന്നത്. നിയമപരമല്ലാത്ത സർവേ നടപടികളായതിനാലാണ് തടഞ്ഞതെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.