കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ആര്‍സി അമല സ്‌കൂളില്‍ കുടുംബസമേതം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് സര്‍ക്കാരിന്റെ കൂടെ നിന്നത്. ദുരാരോപണങ്ങളെല്ലാം ജനം തള്ളും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കും. മറ്റു എവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോയെന്ന് അറിയില്ല. ജനങ്ങള്‍ എല്ലാകാര്യങ്ങളിലും അന്തിമവിധി രേഖപ്പെടുത്താന്‍ തയ്യാറായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണമുണ്ടായിട്ടും ഒന്നും സംഭവിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിനു സമാനമായ വിധിയെഴുത്തുണ്ടാവും. ഇടതുമുന്നണിയുടെ ജനകീയാടിത്തറ വര്‍ധിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം ഉണ്ടാവും. ഭരണമാറ്റമുണ്ടെന്ന് സുകുമാരന്‍ നായര്‍ പറയാന്‍ സാധ്യതയില്ല. കരുതിവച്ച ബോംബുകള്‍ പ്രതിപക്ഷത്തിന് പുറത്തെടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതും. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നു. അഴിമതി ഭരണം അവസാനിക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. രണ്ടു പ്രളയവും ഓഖിയും നിപയും കൊവിഡും എല്ലാം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ പരാജയമായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത യോഗങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തം, ഐശ്വര്യ കേരള യാത്രയിലെ ജനപങ്കാളിത്തവും സര്‍ക്കാരിനെതിരായ വിധിയെഴുത്താവും. ജനങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ സ്വയം അപഹാസ്യരായി. ശബരിമല വിഷയം പ്രതിഫലിക്കും. അയ്യപ്പഭക്തരുടെ വികാരങ്ങള്‍ ചവിട്ടിമെതിച്ച സര്‍ക്കാരാണിത്. ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം ശിഥിലമാവും. ഇ പി ജയരാജന് പോലും സീറ്റ് ലഭിച്ചില്ല. അതിന്റെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.