കേരളത്തിൽ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കിറ്റെക്സിനെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
തെലങ്കാന സര്‍ക്കാരിനേയും മന്ത്രി വിമർശിച്ചു. തെലങ്കാനയിലെ വാറംഗിലിൽ വസ്ത്രനിർമാണ കമ്പനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മന്ത്രി വിവരിച്ചു . മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകൾ പാലിച്ച് നല്ല രീതിയിൽ മുന്നോട്ടു പോകാം.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് വേണ്ടിയുള്ള പദ്ധതികളും വ്യവസായ മന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ ആലോചനയിലുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് . തിരിച്ചെത്തിയ പ്രവാസികൾക്ക് 2 കോടി വരെ വായ്പ നൽകുന്ന പദ്ധതിയും കുടുംബശ്രീയുമായി ബന്ധപ്പെടുത്തി നാനോ സംരംഭ പദ്ധതിയും ആലോചിക്കുന്നുണ്ട്. ചെറിയ പദ്ധതികൾക്കും നോർക്ക വഴി വായ്പ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.