സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുമായി സർക്കാർ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവർത്തിക്കാം. കടകളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് മണി വരെ നീട്ടി. ഹോട്ടലുകളിൽ തുറസായ സ്ഥലങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകും. ഇളവുകൾ സംബന്ധിച്ച് ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തും.
ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാർശകളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായത്. ആൾക്കൂട്ടം ഒഴിവാക്കാൻ ഇളവുകൾ അനുവദിച്ചുള്ള രീതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതൽ ഞായറാഴ്ചകളിൽ മാത്രമാകും ലോക്ക്ഡൗൺ ഉണ്ടാവുക. സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗൺ ഒഴിവാക്കി. ആഴ്ചയിൽ 6 ദിവസവും കടകൾ തുറന്നു പ്രവർത്തിക്കാം. കടകളുടെ പ്രവർത്തന സമയം രാത്രി 9 മണി വരെയായി ദീർഘിപ്പിച്ചു.
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു പ്രദേശത്തു എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കി നിയന്ത്രണം ഏർപ്പെടുത്തും. ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്നതാവും പരിശോധിക്കുക.തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.
അവലോകന യോഗത്തിൽ എടുത്ത സുപ്രധാന തീരുമാനങ്ങൾ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും.