തിരുവല്ല: തിരുവല്ലയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.