കോഴിക്കോട്: കടതുറക്കല്‍ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ പറഞ്ഞു . പ്രതിവാര കോവിഡ് വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്.
എന്നാൽ ജൂലൈ 26ന് മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായര്‍ ഒഴികെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചത്. ജനസംഖ്യാടിസ്ഥാനത്തില്‍ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക് നോക്കി നിയന്ത്രണം നടപ്പാക്കാന്‍ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകള്‍ തുറക്കാന്‍ കഴിയാത്ത സാഹര്യമായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കും.