എം ശിവശങ്കർ ജയിൽ മോചിതനാകുന്നു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം സാധ്യമാകുന്നത്. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ശിവശങ്കറിന് ഇന്ന് പുറത്തിറങ്ങാം
സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകളോടെയാണ് ജാമ്യം. രണ്ട് ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ഒക്ടോബർ 28നാണ് ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണ കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് ചെയ്യുകയായിരുന്നു.