ഇന്ധനവിലയെ ചൊല്ലി സഭയിൽ ബഹളം; അടിയന്തര പ്രമേയാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

 

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം നിയമസഭാ തള്ളി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. ഷാഫി പറമ്പിൽ അവതരിപ്പിച്ച നോട്ടീസിന് മറുപടിയായി യുപിഎ സർക്കാരിന്റെ ചെയ്തികളെ ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തിയതോടെ സഭയിൽ വാഗ്വാദം ശക്തമായി

രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ പെട്രോൾ വില 130 കടന്നു. ഇന്ധനവില നിർണയ അധികാരം കമ്പോളത്തിന് വിട്ടു കൊടുത്തത് യുപിഎ സർക്കാരാണ്. അത് എൻഡിഎ തുടർന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷമായിട്ടും നികുതി വർധിപ്പിച്ചിട്ടില്ല. കേന്ദ്രനയത്തിന് എതിരെയാണ് അണി ചേരേണ്ടതെന്നും മന്ത്രി പറഞ്ഞു

എന്നാൽ മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുകയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ജനരോഷത്തിൽ നിന്ന് സംഘ്പരിവാറിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. ഇപ്പോൾ 36 ശതമാനം മാത്രമാണ് എണ്ണയുടെ അടിസ്ഥാനവില. ഇതിന് കോൺഗ്രസിന് കുറ്റപ്പെടുത്തേണ്ട.

ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏൽപ്പിച്ചത് രാജസ്ഥാനിൽ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല. ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ 600 കോടിയുടെ അധിക നികുതി വേണ്ടെന്ന് വെച്ചു. നികുതി ഭീകരതയാണ് ഇപ്പോൾ നടക്കുന്നത്. വില നിർണയാധികാരം യുപിഎ സർക്കാർ കമ്പനികൾക്ക് കൈമാറിയെന്നത് കോൺഗ്രസിനെതിരായ വ്യാജ പ്രചാരണമാണ്. യുപിഎ കാലത്ത് പെട്രോളിന് ഈടാക്കിയത് പരമാവധി 9.20 രൂപയും മോദി സർക്കാർ ഈടാക്കുന്നത് 32.98 രൂപയുമാണെന്ന് ഷാഫി പറഞ്ഞു