കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് പ്രാധാനമന്ത്രി നരേന്ദ്രമോദി. നിയമങ്ങളിലെ ഭേദഗതി വേണ്ട ഭാഗത്തെകുറിച്ച് വ്യക്തമാക്കിയാല്‍ അതിനെകുറിച്ച് ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക സമരം അനിശ്ചിതമായി നീട്ടി കൊണ്ടുപോവുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ താത്പര്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായി. ഇതിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. വാക്‌സീനെ കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നിന്നും മാറി ഇന്ത്യ ഇപ്പോള്‍ സ്വന്തമായി വാക്‌സീന്‍ ഉല്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം പിന്നോട്ട് പോയെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വമായ ശ്രമം നടത്തിയെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.