ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കമ്മിഷനു സാക്ഷികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

പീഡന പരാതികള്‍ പരിഗണിക്കുന്നതിനു ജില്ലാ തലങ്ങളിലായി 258 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

സിനിമാ മേഖലയിലുള്ളവരുടെ വേതനം സംബന്ധിച്ച 1981 ലെ കേന്ദ്രനിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നും സ്റ്റേ ചെയ്യണമെന്നുമുള്ള ആവശ്യം പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും.