പാലക്കാട് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം; ഭർത്താവ് കുറ്റം സമ്മതിച്ചു

 

പാലക്കാട് കാരപ്പാടത്ത് ശ്രുതിയെന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. ശ്രുതിയുടെ ഭർത്താവ് ശ്രീജിത്താണ് കൃത്യം നടത്തിയത്. മണ്ണെണ്ണ ഒഴിച്ച് ശ്രുതിയെ തീ കൊളുത്തി കൊല്ലുകയായിരുന്നു. ആത്മഹത്യ പ്രേരണക്കേസിൽ റിമാൻഡിലുള്ള ശ്രീജിത്ത് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു

ശ്രീജിത്തിന്റെ പരസ്ത്രീബന്ധം ശ്രുതി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. ജൂൺ 18നാണ് ശ്രുതിക്ക് തീപ്പൊള്ളലേറ്റത്. ജൂൺ 22ന് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെ യുവതി മരിച്ചു. ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

കുട്ടികളുടെ മുന്നിലിട്ടാണ് ശ്രുതിയെ ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടികളുടെ മൊഴിയും കേസിൽ നിർണായകമായി. മരിക്കുന്നതിന് മുമ്പ് ശ്രീജിത്താണ് തന്നെ തീകൊളുത്തിയതെന്ന് ശ്രുതി പറഞ്ഞിരുന്നതായി മാതാപിതാക്കളും പോലീസിന് മൊഴി നൽകിയിരുന്നു.