വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം തലവഴി സ്വദേശി ജിബുവാണ് മരിച്ചത്. അപകടം നടന്നിട്ടും ആളുകൾ ആശുപത്രിയിലെത്തിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു . പത്തനംതിട്ട തിരുവല്ലയിൽ ആണ് സംഭവം.
മാവേലിക്കര തിരുവല്ല സംസ്ഥാന പാതയിൽ പുളിക്കീഴിൽ ഇന്ന് രാവിലെ പത്തേകാലോടെയാണ് അപകടം ഉണ്ടായത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയിൽ തെന്നിമാറി എതിർ വശത്ത് നിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന നിരണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ദീപ്തി ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെങ്കിലും സ്ഥലത്ത് ഉണ്ടായിരുന്നവർ കാഴ്ചക്കാരായി നിന്നു. 20 മിനിറ്റാണ് യുവാക്കൾ റോഡിൽ കിടന്നത്.
അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന ജിബു ആശുപത്രിയിൽ എത്തിക്കവെ രക്തം വാർന്ന് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജെബിനും സാരമായി പരിക്കേറ്റു. കോവിഡ് ആശങ്ക കാരണമാകാം ജനങ്ങൾ മാറിനിന്നതെന്ന് സ്ഥലം എസ്.എച്ച്.ഒ പ്രതികരിച്ചു. അപകടങ്ങൾ ഉണ്ടായാൽ ഇനിയെങ്കിലും 112ല്‍ വിളിച്ച് സഹായം തേടണമെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു.