ആദ്യ തരംഗത്തിൽ നിന്നും വ്യത്യസ്തമായി കോവിഡിന്റെ രണ്ടാം തരംഗം 14 വയസ്സുവരെയുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ ;അറിയണം ഈ ലക്ഷണങ്ങൾ

 

ആദ്യ തരംഗത്തിൽ നിന്നും വ്യത്യസ്തമായി കോവിഡിന്റെ രണ്ടാം തരംഗം 14 വയസ്സുവരെയുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മുതിർന്നവരിൽ നിന്നു വ്യത്യസ്തമാകാം കുട്ടികളിലെ കോവിഡ് ലക്ഷണങ്ങളെന്നും ചിലരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് അണുബാധയാകാം ഉണ്ടാകുന്നതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
തലവേദന, പനി, ചുമ,ജലദോഷം പോലുള്ള സാധാരണ ലക്ഷണങ്ങൾക്കു പുറമേ കോവിഡുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഉണ്ടാകുന്ന ചില സങ്കീർണതകൾ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. അതിൽ ഏറ്റവും പ്രധാനം മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (MIS-C) ആണ്. കുട്ടികളുടെ ജീവൻ വരെ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് MIS-C നയിക്കാമെന്ന് ഹാർവാർഡ് ഹെൽത്തിലെ ഗവേഷകർ പറയുന്നു.

ഹൃദയം, ശ്വാസകോശം, വൃക്ക, തലച്ചോർ, ചർമം, കണ്ണുകൾ, ഗ്യാസ്ട്രോ ഇന്റസ്റ്റയ്നൽ അവയവങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നീർക്കെട്ടുണ്ടാക്കാൻ ഈ രോഗത്തിന് സാധിക്കും. നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പനി, തിണർപ്പ്, കണ്ണുകളിലെ ചുവപ്പ്, വയറുവേദന, ഛർദ്ദി,അതിസാരം,ചുണ്ട് പൊട്ടൽ, കഴുത്തുവേദന, കാലും കൈയും നീരു വയ്ക്കൽ, ഉറക്കക്കുറവ്, ബലക്ഷയം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മറ്റു രോഗങ്ങളുമായി സാമ്യമുള്ളതിനാൽ നേരത്തെയുള്ള രോഗ നിർണയം വളരെ പ്രധാനമാണ്.

ചുണ്ടുകളിലും മുഖത്തും നീലിമ പടരുന്നതും, വിശപ്പില്ലായ്മയും, ഉറക്കക്കുറവും എല്ലാം കുട്ടികളിലെ കോവിഡ് ബാധയുടെ ലക്ഷണങ്ങളാകാം. രോഗനിർണയം വൈകിയാൽ വൈറസ് ശാസകോശത്തെ ബാധിക്കുകയും ന്യുമോണിയയിലേക്ക് നയിക്കുകയും ചെയ്യാം.

കുട്ടികളെ കോവിഡിൽ നിന്ന് സംരക്ഷിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ പിന്തുടരാം:

• മാസ്ക്, കൈകഴുകൽ, സാമൂഹിക അകലം പോലുള്ള കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതും അത് പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

• പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ വൈറ്റമിൻ ബി കോംപ്ലക്സ്, വൈറ്റമിൻ സി, ഡി,കാൽസ്യം, സിങ്ക് എന്നിവ അടങ്ങുന്ന പോഷണം ഉറപ്പുവരുത്തണം
• കുട്ടികൾ ദേഹമനങ്ങി എന്തെങ്കിലും പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
• കുട്ടികൾ സാധാരണ സ്പർശിക്കാൻ ഇടയുള്ള പ്രതലങ്ങൾ അണുവിമുക്തമാക്കണം

• ചുമ,പനി, ജലദോഷം പോലുള്ള ലക്ഷണങ്ങൾ വീട്ടിൽ ആർക്കെങ്കിലും കണ്ടാൽ കുട്ടികളുമായി സമ്പർക്കം ഉണ്ടാകാത്ത രീതിയിൽ അവരെ ഐസൊലേറ്റ് ചെയ്യിക്കണം

• കുട്ടികളിലെ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങൾ കാണുന്ന പക്ഷം ഡോക്ടറെ ഉടൻ സമീപിക്കുക.