ഓണസദ്യക്ക് കൂട്ടായി 3 കിടിലന്‍ വിഭവങ്ങള്‍

കൂട്ട് തീയല്‍ ചേരുവകള്‍

1. ചുവന്നുള്ളി(അരിഞ്ഞത്) – അര കപ്പ് മുരിങ്ങക്കായ മുറിച്ചത് – ഒന്ന് പാവയ്ക്ക(അരിഞ്ഞത്) – കാല്‍കപ്പ് നീളന്‍ വഴുതന (അരിഞ്ഞത്) – കാല്‍ കപ്പ് 2. പുളി – ഒരു ചെറിയ ഉണ്ട 3. തേങ്ങ (ചിരവിയത്) – ഒന്നേകാല്‍ കപ്പ് മുളക് – 4 മല്ലി – ഒരു ചെറിയ സ്പൂണ്‍ ചുവന്നുള്ളി – രണ്ടു കഷ്ണം 4. മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍ പൊടി – പാകത്തിന് ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – മൂന്ന് ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
മൂന്നാമത്തെ ചേരുവകള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്ത് മയത്തില്‍ അരച്ചെടുക്കുക. കഷ്ണങ്ങള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. പുളി പിഴിഞ്ഞൊഴിച്ച് തിളക്കുമ്പോള്‍ രണ്ടു ചെറിയ പച്ചമുളക് നീളത്തില്‍ മുറിച്ചതും അരപ്പും ചേര്‍ത്ത് കുറുകുമ്പോള്‍ കുറച്ച് കറിവേപ്പിലയും ഇട്ട് വാങ്ങുക. രണ്ടു വറ്റല്‍ മുളകും ഒരു ചെറിയ സ്പൂണ്‍ കടുകും വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കുക.

ചീര പുളിശ്ശേരി ചേരുവകള്‍

1. ചുവന്ന ചീരയില അരിഞ്ഞത് – ഒരു കപ്പ് മുളകു പൊടി – ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍ പൊടി – പാകത്തിന് ഉപ്പ് – ആവശ്യത്തിന് 2. തേങ്ങ (ചിരവിയത്) -ഒരു കപ്പ് മുളക് – മൂന്ന് ജീരകം – രണ്ടു നുള്ള് വെളുത്തുള്ളി – ഒരു കഷ്ണം 3. മോര് (സാമാന്യം പുളിയുള്ളത്) – അര കപ്പ് 4. മുളക് – ഒന്ന് കടുക് – അര ടീസ്പൂണ്‍ ഉലുവ – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു മോരില്‍ കലക്കി വയ്ക്കുക. കടുക് താളിച്ച് ചീരയില്‍ ഇട്ട് വഴറ്റി അരപ്പ് ഒഴിച്ച് ബാക്കി ചേരുവകളും ചേര്‍ത്ത് തിളച്ച് പതയുമ്പോള്‍ വാങ്ങുക. (ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം).

അവിയല്‍

ചേരുവകള്‍ ഏത്തയ്ക്കാ – 1 എണ്ണം വെള്ളരിക്ക – 50 ഗ്രാം മുരിങ്ങയ്ക്ക – 1 എണ്ണം ചീനി അമരയ്ക്ക – 6 എണ്ണം പയറ് 5 എണ്ണം പച്ചമുളക് – 4 എണ്ണം പച്ചമാങ്ങ – കാല്‍ കപ്പ് (നീളത്തില്‍ അരിഞ്ഞത്) ചക്കക്കുരു – 5 എണ്ണം വഴുതന – 1 ചെറുത് ഉപ്പ് – പാകത്തിന് മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍ വെളിച്ചെണ്ണ -1 ടീസ്പൂണ്‍ കറിവേപ്പില 2 തണ്ട്

അരപ്പിന് തേങ്ങ ചുരണ്ടിയത് – 2 കപ്പ് ജീരകം – കാല്‍ ടീസ്പൂണ്‍ പച്ചമുളക് – മൂന്ന് എണ്ണം കറിവേപ്പില – 1 തണ്ട് മുളകുപൊടി – അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം അരയ്‌ക്കേണ്ടവ തരുതരുപ്പായി അരച്ചുവയ്ക്കുക. പച്ചക്കറികള്‍ എല്ലാം കഴുകി നീളത്തില്‍ അരിയുക. വഴുതനങ്ങയും ഏത്തക്കയും അരിഞ്ഞത് വെള്ളത്തില്‍ അല്‍പനേകം ഇട്ട് കറ കളയുക. എല്ലാം കൂടി ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും വേവാന്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് അരപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക. കറിവേപ്പിലയിട്ട് അടച്ച് അല്‍പനേരം വയ്ക്കുക