കൊറോണ ഭീതി ഒഴിയുന്നില്ല: ധനപരമായ നയങ്ങളില്‍ റിസര്‍വ്വ് ബാങ്ക് തല്‍സ്ഥിതി തുടര്‍ന്നേക്കും

ന്യു ഡൽഹി: രാജ്യത്തെ കൊറോണ വൈറസ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ധനനയ അവലോകനത്തില്‍ തല്‍സ്ഥിതി തുടരാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ( ആര്‍ബിഐ) തീരൂമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മറ്റി മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ഏപ്രിൽ 7, 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമാസ സാമ്പത്തിക സാമ്പത്തിക നയം പ്രഖ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞ മോണിറ്ററി പോളിസി യോഗത്തിന് ശേഷം പണപ്പെരുപ്പ ആശങ്കകൾ ചൂണ്ടിക്കാട്ടി സെൻ‌ട്രൽ ബാങ്ക് പ്രധാന പലിശനിരക്കായ റിപ്പോ മാറ്റമില്ലാതെ നിലനിർത്തിരുന്നു. പുതിയ സാഹചര്യത്തിലും തല്‍സ്ഥിതി തുടരുമെന്നാണ് പ്രതീക്ഷ.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന പ്രധാന ലക്ഷ്യത്തെ മാറ്റി നിര്‍ത്താതെ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സാധ്യമായ ഏറ്റവും മികച്ച ഫലം ഉറപ്പുവരുത്തുന്നതിനായും റിസർവ് ബാങ്ക് നിലവിലെ ധനനയ നിലപാടുകളില്‍ തുടരാനാണ് സാധ്യത. ധനപരമായ നടപടി പ്രഖ്യാപിക്കാൻ ആര്‍ബിഐ കൂടുതല്‍ ഉചിതമായ സമയത്തിനായി കാത്തിരിക്കാനും സാധ്യതയുണ്ടെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

കോവിഡ് കേസുകളിൽ അടുത്തിടെ ഉണ്ടായ കുതിച്ചുചാട്ടവും നിരവധി സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വ്യാവസായിക ഉൽപാദനത്തിന്റെ പുനരുജ്ജീവനത്തിന്റെ വേഗതയ്ക്ക് കൂടുതൽ അനിശ്ചിതത്വവും തടസ്സങ്ങളും സൃഷ്ടിക്കുമെന്നാണ് ഒരു റിപ്പോർട്ടിൽ ഡൺ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് വ്യക്തമാക്കുന്നത്. ദീർഘകാല വരുമാനം കഠിനമാവുകയാണെന്നും ഇത് വായ്പയെടുക്കൽ ചെലവ് വർദ്ധിക്കുന്നതായും ഡൺ ബ്രാഡ്‌സ്ട്രീറ്റ് ഗ്ലോബൽ ചീഫ് ഇക്കണോമിസ്റ്റ് അരുൺ സിംഗ് പറഞ്ഞു.

ഈ സാഹചര്യത്തിൽ, വായ്പയെടുക്കൽ ചെലവ് വർദ്ധിക്കുന്നത് തടയുന്നതിനൊപ്പം പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുകയെന്ന ബുദ്ധിമുട്ടുള്ള ചുമതല കൂടി റിസർവ് ബാങ്ക് നേരിടുന്നു. “വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും, കോവിഡ് -19 കേസുകളുടെ കുത്തനെയുള്ള ഉയർച്ചയുടെ അനിശ്ചിതത്വം കണക്കിലെടുത്ത് വരാനിരിക്കുന്ന ധനനയ അവലോകനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” അദ്ദേഹം പറഞ്ഞു.