കോവിഡും ഹോമിയോ മരുന്നും: ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പ്രതികരിച്ചു.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം വേഗത്തില്‍ ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡി.എം.ഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.