ഇറാൻ ഭരണകൂടം ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറെടുക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിട്ടുവീഴ്ചയ്ക്കായി ഇറാനിൽ നിന്ന് നിരവധി തവണ ഫോൺകോളുകൾ വന്നതായും ട്രംപ് വെളിപ്പെടുത്തി. പശ്ചിമേഷ്യയിൽ യുഎസ് വ്യോമസേനയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സൈനികാഭ്യാസങ്ങളും അമേരിക്ക പ്രഖ്യാപിച്ചു.ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ടും, ഇറാനിയൻ തെരുവുകളിൽ പ്രതിഷേധം തുടരുന്നുണ്ട്. പശ്ചിമേഷ്യയിൽ ആശങ്ക പടർത്തി അമേരിക്കൻ നാവികവ്യൂഹം പേർഷ്യൻ ഗൾഫിലേക്ക് നീങ്ങുകയാണ്. അമേരിക്കന പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അർമഡ സൈനിക വ്യൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചിരുന്നു.
വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കൺ, ടോമഹോക്ക് മിസൈലുകൾ വഹിക്കുന്ന മൂന്ന് ഡിസ്ട്രോയറുകൾ എന്നിവയാണ് ഇറാൻ ലക്ഷ്യമാക്കി മലാക്ക കടലിടുക്കിൽ നിന്ന് സഞ്ചരിച്ച ശേഷം പേർഷ്യൻ ഗൾഫിലേക്ക് നീങ്ങുന്നത്. നിലവിൽ ഇത് ആൻഡമാൻ കടലിലാണ്. ഇതിന് പുറമെ ഒരു ഡസനോളം എഫ്-15ഇ യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിലേക്ക് അയച്ചിട്ടുണ്ട്.






