Headlines

രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോള്‍ ബംഗളൂരുവില്‍ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ വീടുകള്‍ ഇടിച്ചുനിരത്തിയ പാവപ്പെട്ടവരെ മറക്കരുത്; എ എ റഹീം എം പി

രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോള്‍ ബംഗളൂരുവില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ മറക്കരുതെന്ന് എഎ റഹീം എം പി. രാജ്യം അതിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും ലോകത്തിന് മുന്നില്‍ അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്ന ദിവസമാണിന്ന്. എന്നാല്‍ ആഘോഷങ്ങളുടെ പകിട്ടിനിടയില്‍ ബംഗളുരുവില്‍ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ വീടുകള്‍ ഇടിച്ചുനിരത്തിയ നിസ്സഹായരായിപ്പോയ ഒരു കൂട്ടം മനുഷ്യരുണ്ടെന്നാണ് എ എ റഹീം ഓര്‍മ്മിപ്പിക്കുന്നത്. അടച്ചുപിടിച്ച ഭരണകൂടത്തിന്റെ കാതുകള്‍ തുറക്കാന്‍, ഈ നിശബ്ദരായ മനുഷ്യര്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തിയേ തീരൂ എന്നും റഹീം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്

നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തിൽ നീതിക്കായി കാത്തിരിക്കുകയാണ് ആ പാവങ്ങൾ..നമ്മൾ ഇന്ന് അവർക്കായി സംസാരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.
ഇന്ന് ജനുവരി 26. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യ അതിന്റെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഡൽഹിയിലെ കർത്തവ്യപഥിൽ നമ്മുടെ രാജ്യം അതിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും ലോകത്തിന് മുന്നിൽ അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്ന ദിവസം. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കൈകളാൽ ത്രിവർണ്ണ പതാക വാനോളമുയരുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ അഭിമാനത്തിന്റെ തിരയിളക്കമുണ്ടാകും.
എന്നാൽ ആഘോഷങ്ങളുടെ പകിട്ടിനിടയിൽ മറന്നുപോകുന്ന ചില മനുഷ്യരുണ്ട്!
രാജ്യതലസ്ഥാനത്തുനിന്ന് ഏതാണ്ട് 2100 കിലോമീറ്റർ അകലെ ബംഗളുരുവിൽ ഹൃദയഭേദകമായ മറ്റൊരു കാഴ്ചയുണ്ട്.
അധികാരത്തിന്റെ ബുൾഡോസറുകൾ ഇടിച്ചുനിരത്തിയ മൺകൂനകൾക്ക് മുകളിൽ, നഷ്ടപ്പെട്ട ജീവിതത്തിന്റെ കഷണങ്ങൾ പെറുക്കിക്കൂട്ടി കാത്തിരിക്കുന്ന നിസ്സഹായരായിപ്പോയ ഒരു കൂട്ടം മനുഷ്യർ! പാർശ്വവൽക്കരിക്കപ്പെട്ടവർ… അവർക്ക് സ്വന്തമായുണ്ടായിരുന്ന ഏക സമ്പാദ്യം അവരുടെ തലചായ്ക്കാനുള്ള ആ ഇടമായിരുന്നു.
നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തിലും ഭരണകൂടത്തിന്റെ കനിവിനായി കാത്തിരിക്കുകയാണ് ആ പാവങ്ങൾ.
അവർക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന ‘സംഗമ’ എന്ന സന്നദ്ധ സംഘടനയുടെ പോരാട്ടങ്ങൾക്കൊപ്പം ഞാനും ചേരുകയാണ്.
അടച്ചുപിടിച്ച ഭരണകൂടത്തിന്റെ കാതുകൾ തുറക്കാൻ, ഈ നിശബ്ദരായ മനുഷ്യർക്ക് വേണ്ടി നമ്മൾ ശബ്ദമുയർത്തിയേ തീരൂ.

ഈ മനുഷ്യർക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ഹാഷ്‌ടാഗ് ക്യാമ്പയിന്റെ ഭാഗമാവുകയാണ് ഞാനും. നിങ്ങളും ഈ പോരാട്ടത്തിൽ പങ്കുചേരാൻ അഭ്യർത്ഥിക്കുന്നു.

ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈലുകളിലും ഈ വിഷയം പങ്കുവെക്കൂ. നിസ്സഹായരായ മനുഷ്യർക്ക് നീതി ലഭിക്കും വരെ നമുക്ക് പോരാട്ടം തുടരാം…
ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ.