Headlines

‘900 പേരിൽ 872 പേരും ദേശാഭിമാനി വരിക്കാർ; തദ്ദേശ സ്ഥാപനങ്ങളിൽ CITUകാരെ സ്ഥിരപ്പെടുത്തണം’; ശിപാർശ കത്തുമായി CITU യൂണിയൻ

തദ്ദേശ സ്ഥാപനങ്ങളിൽ CITU കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ CITU യൂണിയൻ നൽകിയ ശിപാർശ കത്ത് ട്വന്റിഫോറിന്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണെന്നും, ദേശാഭിമാനി വരിക്കാരാണെന്നുമാണ് കത്തിൽ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാറ്റം ഉണ്ടാകുന്നതിനാൽ ജോലി പോകാൻ സാധ്യതയുള്ളതിനാൽ സ്ഥിരപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 12 വർഷം പൂർത്തിയായ 900 ടെക്നിക്കൽ അസിസ്റ്റൻ്റ് മാരുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടെക്നിക്കൻ അസിസ്റ്റൻ്റ് മാരുടെ CITU സംഘടന എളമരം കരീമിന് നൽകിയ കത്തിലാണ് വിചിത്ര വാദങ്ങൾ ഉള്ളത്. 900 ത്തിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണ്. 186 പേർ CPIM അംഗങ്ങളുമാണ്. കൂടാതെ എല്ലവരും ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിക്കാരാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാറ്റത്തിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു. ഈ കത്ത് CITU സംസ്ഥാന കമ്മിറ്റി തദ്ദേശ വകുപ്പ് മന്ത്രിയ്ക്ക് CITU കൈമാറി. തുടർന്നാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ 900 ത്തോളം പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തിയത്.

മന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശം അനുസരിച്ച് അഭിപ്രായവും, റിപ്പോർട്ടും തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ല ജോയിൻറ് ഡയറക്ടർമാർക്ക് കത്തയച്ചു. ഈ കത്തും ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു വിഷയത്തിൽ തദ്ദേശ വകുപ്പ് മന്ത്രിയുടെ വിശദീകരണം.