Headlines

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര ചർച്ച; നിർണായക പ്രഖ്യാപനം ചൊവ്വാഴ്ച

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര ചർച്ചകൾ സംബന്ധിച്ച നിർണായക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. ഇന്ത്യൻ തുണിത്തരങ്ങൾ, ആഭരണങ്ങൾ, കാറുകൾ എന്നിവയുടെ ഇറക്കുമതിച്ചുങ്കം യൂറോപ്യൻ യൂണിയൻ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്വതന്ത്ര വ്യാപാര ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിലെത്തി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇരട്ടച്ചുങ്കം ഇന്ത്യയ്ക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായി ഇന്ത്യ സ്വതന്ത്രവ്യാപാര കരാറിന് തയ്യാറെടുക്കുന്നത്. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞിരുന്നു.ഇന്ത്യൻ ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, ആഭരണങ്ങൾ, കാറുകൾ എന്നിവയുടെ സ്വതന്ത്രവ്യാപാരത്തിന് സഹായകമാകുന്നതാകും കരാർ എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സ്റ്റീൽ, അലുമിനിയം, സിമൻറ് എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിയിൽ യൂറോപ്യൻ യൂണിയൻ പുതുതായി അവതരിപ്പിച്ച അധിക കാർബൺ നികുതി സംബന്ധിച്ച് കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നാണ് സൂചന.

ജനുവരി 25 മുതൽ 28 വരെയാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർ ഇന്ത്യയിലുള്ളത്. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാകും നിർണായക പ്രഖ്യാപനമുണ്ടാകുക. 26ന് ഡെൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിലും യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും.