തിരുവനന്തപുരം പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മകള്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും. തുടര്‍ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കേസെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തത്.
ബന്ധുക്കള്‍ക്ക് ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചു നല്‍കിയാണ് സജിത മകള്‍ ഗ്രീമ എന്നിവര്‍ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. പിന്നാലെ പുറത്തുവന്ന ആത്മഹത്യ കുറിപ്പിലാണ് ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതരാരോപണങ്ങള്‍ ഉള്ളത്.മകള്‍ക്ക് 200 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞു അപമാനിച്ചതായി ആരോപണമുണ്ട്. 6 വര്‍ഷത്തെ ദാമ്പത്യത്തില്‍ മകളെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മാനസികമായി ഉപദ്രവിച്ചു. മകളെ ഉപയോഗിച്ച ഉടുപ്പ് പോലെ ഉപേക്ഷിച്ചതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ആറുവര്‍ഷം മുന്‍പേ വിവാഹം കഴിഞ്ഞെങ്കിലും 25 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. നിയമപരമായി ഇതുവരെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നില്ല.കഴിഞ്ഞ ദിവസം മരണ വീട്ടില്‍ വച്ച് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ അപമാനിച്ചു എന്നും ആരോപണമുണ്ട്.അതേസമയം, സംഭവത്തില്‍ ഉണ്ണികൃഷ്ണനെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു നാട്ടിലെത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം ആത്മഹത്യ പ്രേരണ കുറ്റമടക്കം ഉള്‍പ്പെടുത്തി കേസ് എടുക്കാനാണ് സാധ്യത . നിലവില്‍ അസ്വഭാവിക മരണത്തിന് കേസെടുത്താണ് പൂന്ധുറ പോലീസ് അന്വേഷണം നടത്തുന്നത്.







