കൊച്ചി ഇടപ്പള്ളിയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ പെപ്പര്‍ സ്പ്രേ അടിച്ച് മോഷണം. ജീവനക്കാരിയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ചായിരുന്നു കവർച്ച. മോഷണം നടത്തിയ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവരെ കളമശ്ശേരി പൊലീസ് പിടികൂടി. സ്വർണ്ണമെന്ന് കരുതി പ്രതികൾ മോഷ്ടിച്ചത് മോഡലിനായി വെച്ച റോൾഡ് ഗോൾഡ് മാലകളായിരുന്നു. ജ്വല്ലറി മോഷണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൂക്കാട്ടുപടി റോഡിലുള്ള സാറാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍സില്‍ സിനിമ സ്റ്റൈലിൽ മോഷണം നടന്നത് .കടയിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഹെൽമറ്റ് ധരിച്ച് എത്തിയ തോമസ് എന്ന മോഷ്ടാവ് അകത്ത് കയറി കടയിൽ ഉണ്ടായിരുന്ന സ്ത്രിയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു. പിന്നാലെ ഷെൽഫിൽ ഉണ്ടായിരുന്ന മാലയുമായി പുറത്തേക്ക് ഓടി.
ഇനിയാണ് ആദ്യ ട്വിസ്റ്റ് .ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ബൈക്ക് മറഞ്ഞു. അതോടെ ബൈക്കോടിച്ച് തോമസ് ഒരു ഭാഗത്തേക്കും മാത്യു മറ്റൊരു ഭാഗത്തേക്കും ഓടി. തോമസിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു. ജ്വല്ലറിയിലെ ജീവനക്കാരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച് ആസൂത്രണത്തോടെയായിരുന്നു മോഷണമെന്ന് ജ്വല്ലറി ഉടമ ബിന്ദു ട്വന്റി ഫോറിനോട്
സ്വർണ്ണമെന്ന് കരുതി പ്രതികൾ അടിച്ചുമാറ്റിയത് മോഡലായി വെച്ച റോൾഡ് ഗോൾഡ് മാലകളായിരുന്നു. 10,000 രൂപയായിരുന്നു വില. മാത്യുവും,തോമസും നിലമ്പൂരിലെ മോഷണ കേസുകളിൽ പ്രതികളാണ്. മുളന്തുരുത്തിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് പ്രതികൾ മാല മോഷണത്തിന് എത്തിയത്. ഇവിടെ കൂടുതൽ കേസുകൾ പരിശോധിച്ചു വരികയാണ്.







