”പുതിയ തലമുറയെ ലഹരിയില്‍ നിന്ന് രക്ഷിക്കാന്‍ സ്പോര്‍ട്സ് ആണ് ഏറ്റവും ഉചിതമായ മാര്‍ഗം. യുവാക്കളെ സ്പോര്‍ട്സില്‍ സജീവമാകാന്‍ പ്രേരിപ്പിക്കണം” .കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ലോബിയില്‍ സ്പ്രിന്റ് ഇതിഹാസം ബെന്‍ ജോണ്‍സനെ പരിചയപ്പെട്ട ഉടനെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.തീര്‍ത്തും ആധികാരികമായി അദ്ദേഹം സ്പോര്‍ട്സ് സംസാരിച്ചു. ട്രാക്കില്‍ ബെന്നിന്റെ കുതിപ്പും കിതപ്പും ഓര്‍ത്തെടുത്ത സുരേഷ് ഗോപി അതിവേഗത്തിന്റെ അടയാളമായ കാലുകളില്‍ തൊട്ടത് കൗതുകമായി.ഇന്ത്യയിലെ നാടന്‍ കളികളെക്കുറിച്ച് ബെന്നിനോട് സംസാരിച്ച മന്ത്രി കുട്ടിയും കോലും കിളിത്തട്ടുമൊക്കെ ബെന്നിനു വിശദീകരിച്ചു കൊടുത്തു.
എട്ടു കളം വരച്ചുള്ള കക്ക കളി(അക്കുകളി) ശരീരത്തെയും മനസിനെയും ഉണര്‍ത്താന്‍ പോന്നതാണെന്ന് വിശദമാക്കി. കുട്ടിയും കോലും ക്രിക്കറ്റ് കളിയുടെ വകഭേദമായി അവതരിപ്പിച്ചപ്പോള്‍ ബെന്നിന് ആവേശമായി. സ്കൂള്‍ തലത്തില്‍ ബെന്‍ ക്രിക്കറ്റ് താരമായിരുന്നു.ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങള്‍ സ്പോര്‍ട്സിന് വലിയ പ്രാധാന്യം നല്കുന്നതിനാല് കൗമാര, യുവനിര ലഹരിയിലേക്കു തിരിയാതെ രക്ഷപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കളികള്‍ ബെന്നിനു പരിചയപ്പെടുത്തണമെന്ന് ഓര്മിപ്പിച്ചിട്ടാണ് സുരേഷ് ഗോപി യാത്ര പറഞ്ഞത്. ഒരിക്കല്‍ കാനഡയില്‍ വന്നു ബെന്നിനെ കാണാന്‍ ശ്രമിക്കാമെന്നും പറഞ്ഞു. ബെന്‍ അദ്ദേഹത്തെ നാട്ടിലേക്ക് സ്വാഗതം ചെയ്തു. ഡിസി ബുക്ക്സിന്റെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ബെന്‍ ജോണ്സണ്. വിദേശയാത്ര കഴിഞ്ഞ് വന്നതായിരുന്നു സുരേഷ് ഗോപി.






