Headlines

“എന്റെ പോറ്റി ഇങ്ങനെയല്ല…,അന്നത്തെ ആ പോറ്റിയല്ല ഇന്നത്തെ പോറ്റി”; ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ക്ലൈമാക്‌സിലേക്കോ ?

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണോ? ആണെന്നുള്ള സുചനകളാണ് പുറത്തുവരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 90 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ദ്വാരപാലക ശില്‍പ്പക്കേസില്‍ ഉണ്ണികൃഷന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചതോടെയാണ് കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ വരുന്നത്. കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ ഹൈക്കോടതിപോലും ആശങ്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം ഉടന്‍ തീര്‍ക്കാനാണ് നീക്കം. അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെന്നും അതാണ് തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കാന്‍ കാലതാമസം നേരിട്ടതെന്നായിരുന്നു എസ് ഐ ടി കോടതിയില്‍ നല്‍കിയ സത്യവാഗ്മൂലം.ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് എസ് ഐ ടിയുടെ സത്യവാഗ്മൂലം. സംഘത്തില്‍ രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തിയതോടെ അന്വേഷണം ഉടന്‍ അവസാനിപ്പിക്കാനാണ് എസ് ഐ ടി നീക്കം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ ഡി അന്വേഷണം മുറുകിയതോടെ എസ് ഐ ടി എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതിനിടയില്‍ മുന്‍ മന്ത്രിയും സി പി ഐ എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയുമെന്നും, അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നുമാണ് കടകംപള്ളി സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. പോറ്റിയെ ശബരിമലയില്‍ കണ്ട പരിചയം മാത്രമേ ഉള്ളൂ എന്നായിരുന്നു നേരത്തെ കടകംപള്ളി പറഞ്ഞിരുന്നത്. തനിക്ക് കടകം പള്ളിയുമായി ബന്ധമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നുമുള്ള പോറ്റിയുടെ മൊഴി വിവാദമായ സാഹചക്യത്തിലാണ് കടകംപള്ളിയുടെ വെളിപ്പെടുത്തലുണ്ടായത്. തനിക്ക് പോറ്റിയെ അറിയാം, എന്നാല്‍ ഇന്നത്തെ പോറ്റിയെ അല്ല എനിക്ക് അറിയാവുന്നത്. അന്നത്തെ പോറ്റിയല്ലല്ലോ ഇന്നത്തെ പോറ്റി, അദ്ദേഹത്തിന്റെ വീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായാണ് പോയതെന്നും കടകംപള്ളി പറയുന്നു.

ഇതാദ്യമായാണ് കടകംപള്ളി ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത്. പോറ്റിയുടെ വീട്ടില്‍ പലതവണ പോയെന്ന ആരോപണം ശരിയല്ല. തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും, ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റമറ്റതാണ്. ഹൈക്കോടതി നേരിട്ട് ഒരു അന്വേഷണം ഏറ്റെടുക്കുന്നത് ഇത് ആദ്യമാണ്. എന്റെ പൊതു ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല. പഴുതടച്ചുള്ള അേേന്വഷണമാണ് ശബരിമല സ്വര്‍ണക്കേസില്‍ നടക്കുന്നത്. പ്രതിപക്ഷം എല്ലാ കാലത്തും ഇരകളെ തേടുന്നവരാണ്. ഒരു ഇരയെ നിര്‍ത്തി തങ്ങളുടെ രാഷ്ട്രീയ താല്പര്യം നേടിയെടുക്കുകയാണ് അവരുടെ രീതി. പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയ പ്രചരണത്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. പോറ്റിയുടെ വീട്ടില്‍ എന്ത് ചടങ്ങായിരുന്നു പോയതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ലെന്നും, ശബരിമലയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുതവണ മാത്രമേ ഞാന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുള്ളൂ. എനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മറ്റ് ബന്ധങ്ങളില്ല, ഒരു സമ്മാനവും ഞാന്‍ കൈപ്പറ്റിയിട്ടില്ല. തന്ത്രി കണ്ഠരര് രാജീവര് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.

പോറ്റിയുടെ മൊഴിയെന്ന പേരില്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്നതൊന്നും ശരിയല്ലെന്നാണ് കടകംപള്ളി ആരോപിക്കുന്നത്. പോറ്റിയെ അറസ്റ്റു ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം കോടതിയില്‍ നല്‍കിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും കണ്ടെത്താനോ, കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ മുഴുവന്‍ അറസ്റ്റു ചെയ്യാനോ കഴിഞ്ഞിട്ടില്ല. മുഖ്യ കുറ്റവാളികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്ന സാഹചര്യവും കടകംപള്ളിയുടെ പ്രതികരണവുമായി ബന്ധമുണ്ടോയെന്നാണ് സംശയിക്കുന്നത്. 2017 മുതല്‍ കടകംപള്ളിയെ അറിയാമെന്നാണ് പോറ്റി എസ് ഐ ടിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയകാര്യം ഞാനാണ് എസ് ഐ ടിയോട് പറഞ്ഞതെന്നാണ് കടകംപള്ളി പറയുന്നത്. പോറ്റിക്കൊപ്പമുള്ളൊരു ഒരു ഫോട്ടോ പുറത്തുവന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.