തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ മൊഴികളിൽ ദുരൂഹത ആവർത്തിച്ച് പൊലീസ്. ചോദ്യം ചെയ്യലിൽ ആസൂത്രിതവും, പരസ്പരം സംരക്ഷിച്ചുമുള്ള മറുപടികളാണ് മാതാപിതാക്കളുടേത് എന്നാണ് സംശയം. നാല് മണിക്കൂറോളമാണ് ഷിജിൻ- കൃഷ്ണപ്രിയ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തത്.
പിതാവ് നൽകിയ ബിസ്കറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണു മരിച്ചുവെന്നായിരുന്നു മാതാവിന്റെ ആദ്യ മൊഴി. പിന്നീട് കുട്ടിയുടെ കൈക്ക് പൊട്ടൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പൊട്ടൽ സംബന്ധിച്ച് മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങളിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. ഒരാഴ്ച്ച മുൻപ് ഉണ്ടായ പൊട്ടൽ എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. എന്നാൽ കാരക്കോണം മെഡിക്കൽ കോളേജിലെ ഡോക്ടർ മൊഴി നൽകിയത് മൂന്ന് ആഴ്ച മുൻപ് ഉണ്ടായ പൊട്ടലെന്നാണ്.ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമാകും തുടർനടപടികൾ. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജിൽ വാങ്ങി കൊണ്ടുവന്ന ബിസ്ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നൽകിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഷിജിലും കൃഷ്ണപ്രിയയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതാണ് സംശയം ബലപ്പെടാൻ കാരണം. അകന്നു കഴിയുകയായിരുന്നു ഇവർ വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ.







