സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുത്തനെ ഉയര്‍ന്നു. ഇന്ന് മൂന്ന് തവണയായി പവന് 3160 രൂപയാണ് കൂടിയത്. ഓഹരി വിപണികളും ഇന്ന് വന്‍ തകര്‍ച്ച നേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുകയാണ്. (gold rate hiked 3rd time in single day record gold rate).രാവിലെ ഒരു തവണ സ്വര്‍ണ വിലയില്‍ മാറ്റം വരുന്നതാണ് പതിവ്. എന്നാല്‍ ഇന്ന് അഞ്ച് മണിക്കൂറിനിടെ മൂന്ന് തവണ മാറ്റമുണ്ടായി. രാവിലെ ഗ്രാമിന് 95 രൂപ കൂടി. പതിനൊന്നരയോടെ ഗ്രാമിന് പിന്നെയും 100 രൂപ കൂടി. അന്താരാഷ്ട്ര വിപണിയില്‍ വില പുതിയ ഉയരത്തിലേക്ക് കുതിച്ചതോടെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വില മൂന്നാമതും കൂട്ടി. 200 രൂപയാണ് ഗ്രാമിന് ഒടുവില്‍ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്13,800 രൂപയും പവന് 1,10,400 രൂപയുമായി. ട്രംപിന്റെ വ്യാപാര നയത്തിലെ അസ്ഥിരത, ഗ്രീന്‍ലന്‍ഡ് പിടിക്കാനുള്ള നീക്കമടക്കം അന്താരാഷ്ട്ര സാഹചര്യങ്ങളിലെ അരക്ഷിതാവസ്ഥ ഒപ്പം വില ഇനിയും കൂടുമെന്ന് കരുതി നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതുമാണ് ഈ കുതിപ്പിന് കാരണം.സ്വര്‍ണ വില കൂട്ടുന്ന അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വിപണിയെയും ബാധിച്ചു. ഓഹരി സൂചികകള്‍ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ബിഎസ്ഈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് ആയിരം പോയന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 50 യും 1.38 ശതമാനത്തിന്റെ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപ ഇന്നും ഒരു ഘട്ടത്തില്‍ 91 എന്ന നിലവാരം ഭേദിച്ചു.ഡോളര്‍ വിറ്റഴിച്ച് റിസര്‍വ് ബാങ്ക് ശക്തമായ ഇടപെടല്‍ നടത്തുന്ന ഇടപെടല്‍ കാരണമാണ് വീഴ്ചയുടെ ആഘാതം ഒരു പരിധിവരെ കുറഞ്ഞത്.
സ്വര്‍ണത്തിന് സര്‍വകാല ഉയര്‍ച്ചയില്‍ ഹാട്രിക്; ഇന്ന് മൂന്നാമതും വില കൂടി; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച









