Headlines

‘വേഷം നോക്കൂ എന്നാണ് മോദി പറഞ്ഞതെങ്കിൽ പേര് നോക്കൂ എന്നാണ് കേരളത്തിന്റെ സാംസ്കാരിക മന്ത്രി പറയുന്നത്; സജി ചെറിയാൻ തിരുത്തണം’; സമസ്ത മുഖപത്രം

മന്ത്രി സജി ചെറിയാനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറുപടിയുമായി സമസ്ത മുഖപത്രം സുപ്രഭാതം. ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാദശകത്തിലെ വരികൾ പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനം. മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാർഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണമെന്നും ‘ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ’ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.“അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം അരുളില്ലയതെങ്കിലസ്ഥി തോൽ സിര നാറുന്നൊരുടമ്പു താനവന്” വെള്ളാപ്പള്ളിക്കും സജി ചെറിയാനും ഈ വരികൾ ബാധകമാണ്.സജി ചെറിയാന്റെ അസുഖത്തിന് മതിയായ ചികിത്സ വേണം. സിപിഐഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ശേഷമാണ് എസ്എൻഡിപി- NSS നേതാക്കൾ വർഗീയവൈരം വമിക്കുന്ന പ്രസ്താവനകൾക്ക് തുടക്കമിട്ടത്.തൊട്ടു പിന്നാലെ സജി ചെറിയാന്റെ പ്രസ്താവനയും കേട്ടു. സമുദായ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ യാദൃശ്ചികമല്ല എന്നതിന് പൊരുൾത്തേടി പാഴൂർ പടി വരെ ഒന്നും പോകേണ്ട കാര്യമില്ലെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

കരുണയും സ്നേഹവും അനുകമ്പയും വറ്റിപ്പോയവർ അസ്ഥിയും തോലുമായി ദുർഗന്ധം വഹിക്കുന്ന ഉടൻ മാത്രമാകുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ മലയാളികൾ കാണുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല സജി ചെറിയാൻ പറഞ്ഞത്. വെള്ളാപ്പള്ളി നടേശൻ വാ തുറക്കുന്നത് വർഗീയത വിളമ്പാൻ ആണെന്ന് കുറച്ചുകാലമായി നമുക്കറിയാം. എന്നാൽ എ കെ ബാലനും, സജി ചെറിയാനും ഇത്തരം വിഷം തിണ്ടൽ പരാമർശങ്ങൾ ഉച്ചത്തിൽ പറയാൻ എവിടുന്നാണ് ധൈര്യം കിട്ടുന്നത്. നരേന്ദ്രമോദിയും സംഘപരിവാറും നടത്തുന്ന പ്രചാരണമാണ് ഇതെന്ന് ഓർക്കണം.വേഷം നോക്കൂ എന്നാണ് മോദി പറഞ്ഞതെങ്കിൽ പേരു നോക്കൂ എന്നാണ് കേരളത്തിന്റെ സാംസ്കാരിക മന്ത്രി പറയുന്നത്.

മലപ്പുറത്ത് അല്ലാതെ മറ്റൊരിടത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം അല്ല. 11 ലോകസഭകളിൽ മുസ്ലിം സമുദായത്തിന് 30 ശതമാനം വോട്ട് ഉണ്ട്. എന്നാൽ ആകെ മൂന്ന് എം.പിമാർ മാത്രം ആണ് ഉള്ളത്. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജയിച്ചു വരുന്നവരുടെ മതം എന്തു കൊണ്ടാണ് സജി ചെറിയാൻ തിരുത്തിയത്. കേരളത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നും വർഗീകരിക്കാൻ കോപ്പ് കൂട്ടുന്ന അസുഖത്തെ ചികിൽസിക്കണം. സിപിഐഎം നേതാക്കളുടെ ഈ പ്രസ്താവനകൾ യാദൃശ്ചികമല്ലെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.