ഇറാനെതിരെയുള്ള നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തിയത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ട്രംപുമായും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ കഴിഞ്ഞ ദിവസം സംസാരിച്ചു. ഇതേ ദിവസമാണ് വധശിക്ഷ നിര്‍ത്തിവയ്ക്കുന്നെന്ന് ഇറാനില്‍ നിന്ന് വിവരവും ലഭിച്ചത്. അറബ് രാജ്യങ്ങളും ആക്രമണം വേണ്ടെന്ന നിലപാട് അമേരിക്കയെ അറിയിച്ചു. ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാന് 800 വധശിക്ഷകള്‍ നിര്‍ത്തിവച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ( Israel behind Trump’s softening of stance on Iran, report says).ഇറാനിയന്‍ നേതാക്കള്‍ വിദേശബാങ്കുകളിലേക്ക് നടത്തുന്ന സാമ്പത്തിക കൈമാറ്റം നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ അമേരിക്ക ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം പല പ്രവിശ്യകളിലും അടിച്ചമര്‍ത്തപ്പെട്ടതായാണ് വിവരം.
പ്രതിഷേധക്കാര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് താക്കീത് നല്‍കിയെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിന് ലെവിറ്റ് വ്യക്തമാക്കി. പ്രക്ഷോഭകര്‍ക്കെതിരെ അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ നടത്തിയെന്ന് ആരോപിച്ച് അഞ്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.അതിനിടെ, ഇറാനിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഇന്ന് ഉണ്ടായേക്കും. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ ആയിരിക്കും ഇറാനില്‍ നിന്ന് തിരികെ കൊണ്ടുവരിക. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ഇറാനില്‍ ഏപതിനായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരുണ്ടെന്നാണ് കണക്ക്.
അതേസമയം, ഗസയില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം 10 പേര് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധവിഭാഗമായ ഖസാം ബ്രിഗേഡ്സിന്റെ കമാന്‍ഡര്‍ മുഹമ്മദ് അല്‍ ഹല്വിയാണ് കൊല്ലപ്പെട്ടത്. ആക്രമണം ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ട ചര്‍ച്ചകളില്‍ പുരോഗമനമെന്ന് അമേരിക്ക പ്രസ്താവിച്ചതിനു പിന്നാലെ മാധാനശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തില്‍ അന്താരാഷ്ട്ര സമാധാന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടെക്നോക്രാറ്റുകള്പ്പെട്ട പലസ്തീന് ഭരണകൂടത്തിന്റെ നിര്‍മ്മിതിയും ഹമാസിന്റെ നിരായുധീകരണവുമാണ് ലക്ഷ്യമിടുന്നത്.
ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്ക്കായി ഇന്ത്യന്‍ എംബസി മുന്നറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രായേലിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു. എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്.







