Headlines

‘ബുള്‍ഡോസര്‍ രാജ് ‘; വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍

കര്‍ണാടക യെലഹങ്ക ‘ബുള്‍ഡോസര്‍ രാജ് ‘ വിഷയത്തിലെ വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍. പിണറായി വിജയനും സിദ്ധരാമയ്യയും ഒരുമിച്ചെത്തിയത് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍. ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി വി എന്‍ വാസവനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാല്‍ ബുള്‍ഡോസര്‍ രാജിനെ കുറിച്ച് വേദിയില്‍ സംസാരിച്ചില്ല.സിദ്ധാരാമയ്യ സംസാരിക്കുമ്പോള്‍ വേദിയില്‍ ഉണ്ടാകില്ലന്ന് പ്രസംഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയോഗം ഉള്ളത് കൊണ്ടാണ് പോകുന്നതെന്നായിരുന്നു വിശദീകരണം.
ഗുരുവിന്റെ പാതയിലൂടെയാണ് കേരളാ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദാഹരണമാണ്. അധികാരം കൈയ്യിലുള്ളവര്‍ അസംബന്ധം പഠിച്ച് നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്കാണ് കൊണ്ടുപോകുന്നത്. ഗുരു ചെറുക്കാന്‍ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് ഗുരു നിന്ദയാണ് – മുഖ്യമന്ത്രി പറഞ്ഞുജീവിത ചുറ്റുപാടുകളില്‍ കാണുകയും അനുഭവിക്കുകയും ചെയ്ത അസംബന്ധ കാര്യങ്ങള്‍ക്കെതിരെ ശ്രീ നാരായണ ഗുരു ശബ്ദിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അരുവിപ്പുറത്തെ പ്രതിഷ്ഠയോടെയാണ് 19ാം നൂറ്റാണ്ടിന്റെ അവസാനം കേരള നവോഥാനം ആരംഭിച്ചത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തകര്‍ക്കുന്നതായിരുന്നു പ്രവര്‍ത്തനം. അന്നത്തെ തിരുവിതാംകൂര്‍ രാജഭരണത്തില്‍ ബ്രാഹ്മണനും ക്ഷത്രിയനും അധികാരം കയ്യാളി. മറ്റുള്ളവര്‍ താഴെ തട്ടിലായിരുന്നു. ബ്രാഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവര്‍ത്തിച്ചത്. ക്ഷത്രിയ ബ്രഹ്മണ അധികാര വ്യവസ്ഥയ്‌ക്കെതിരെ ഉയര്‍ന്ന അടിച്ചമര്‍ത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ – മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചടങ്ങില്‍ മുഖ്യമന്ത്രി നടത്തിയത്. ഇന്ത്യയുടെ ബഹസ്വരത തകര്‍ക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സാംസ്‌കാരിക ഫാസിസം എന്ന് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തേയും സംസ്‌ക്കാരത്തേയും ദേശീയ തലത്തില്‍ അട്ടിമറിക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതെയും ഉപസംസ്‌കൃതിയും തകര്‍ക്കപ്പെടുന്നു. ഐതിഹ്യങ്ങളേയും കല്‍പ്പിത ഭാവനകളേയും ചരിത്ര സത്യങ്ങളായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ യുക്തിചിന്തയേയും സ്വാതന്ത്രന്ത്യ ദാഹത്തേയും ചങ്ങലക്കിടുന്നു – അദ്ദേഹം പറഞ്ഞു.