Headlines

ലക്ഷം തൊട്ട പൊന്നിന്റെ വില വീണ്ടും കൂടി; സ്വർണവില ഇനിയും കൂടുമോ,സ്വർണം നല്ല നിക്ഷേപമോ?

കഴിഞ്ഞ കുറേ നാളുകളായി നമ്മൾ ഓ മൈ ഗോഡ് എന്നതിന് പകരം ഓ മൈ ഗോൾഡ് എന്ന് പറയുന്നതാണ് പതിവ്. നാട്ടുകാരെ അത്രയധികം ഞെട്ടിച്ചുകൊണ്ടാണ് പൊന്നിന്റെ കയറ്റം. 1925ൽ പവന് വെറും 13.75 രൂപ മാത്രമുണ്ടായിരുന്ന സ്വർണം നൂറ് രൂപ കടന്നത് 1970കളിലാണ്. കഴിഞ്ഞ വർഷം പവന് അര ലക്ഷം കടന്ന സ്വർണം വെറും ഒരു വർഷത്തിനുള്ളിലാണ് ഇരട്ടിയായി ഒരു ലക്ഷം കടക്കുന്നത്. ഇതിനിടെ പല കയറ്റിറക്കങ്ങളും സ്വർണം കണ്ടു. 2024ൽ 27 ശതമാനമായിരുന്നു സ്വർണത്തിന്റെ വിലപ്പെരുക്കമെങ്കിൽ 2025 ആയപ്പോഴേക്കും അത് 50 ശതമാനത്തിന് മുകളിലെത്തി. 45 തവണ സ്വന്തം റെക്കോഡ് തിരുത്തി.

സ്വർണക്കുതിപ്പിന് പിന്നിലെന്ത്?

ആദ്യ കാരണത്തിലേക്ക് പോകാൻ സിനിമാ ഡയലോഗിന്റെ ചുവടുപിടിച്ച് ‘അമേരിക്ക ചതിച്ചാശാനേ’ എന്ന് പറയേണ്ടി വരും. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനോട് പ്രസിഡന്റ് ട്രംപ് പലിശ കുറയ്ക്ക് പലിശ കുറയ്ക്കെന്ന് പറഞ്ഞ് കണ്ണുരുട്ടൽ തുടങ്ങിയിട്ട് കുറേയായി. ആദ്യമൊന്നും മൈൻഡ് ചെയ്യാതിരുന്ന പവൽ ഒടുവിൽ പലിശ നിരക്കങ്ങ് കുറച്ചേക്കാമെന്ന് കരുതി. അങ്ങനെ ഈ വർഷം സെപ്റ്റംബർ മുതൽ തുടർച്ചയായൊരു റേറ്റ് കട്ട് മോഡിലാണ് ഫെഡ്. ഒന്നും നോക്കിയില്ല. മൂന്ന് തവണയായി മുക്കാൽ ശതമാനമാണ് നിരക്കിൽ വരുത്തിയ കുറവ്. പോരാത്തതിന് ഇനി ജൂലൈയിലും നിരക്ക് കുറയ്ക്കുമെന്നൊരു വാഗ്ദാനവും. പോരേ പൂരം. ഇത് കേട്ട പാതി കേൾക്കാത്ത പാതി നിക്ഷേപകർ ഇനി ഞങ്ങൾക്ക് ഓഹരി വിപണീം വേണ്ടാ ബാങ്ക് നിക്ഷേപോം വേണ്ട ബോണ്ടും വേണ്ട പൊന്നേ നിന്നെ മതിയെന്ന് പറഞ്ഞ് സ്വർണത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ഡിമാൻഡങ്ങ് കുത്തനെ കൂടി.

ഇതൊക്കെയാണ് സ്വർണവില കുത്തനെ കൂടാനുള്ള കാരണങ്ങൾ. വന്പൻ കയറ്റം വരുന്പോൾ ലാഭമെടുപ്പ് സ്വാഭാവികമാണെന്നും പിന്നീട് ഒരു തിരുത്തലുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും വിദഗ്ധർ പറയുന്നു. എന്നാൽ തിരുത്തൽ വന്നാലും ദീർഘകാലാടിസ്ഥാനത്തിൽ വില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

എന്നാലും കയ്യിൽ വരുന്ന കാശ് മുഴുവൻ സ്വർണത്തിൽ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. തികച്ചും അസ്ഥിരമായൊരു ലോകക്രമത്തിൽ എന്തും പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ മൊത്തം ആസ്തിയുടെ 10 മുതൽ 20 ശതമാനം വരെയായിരിക്കണം സ്വർണം എന്നാണ് നിക്ഷേപ വിദഗ്ധർ പറയുന്നത്. ആഭരണരൂപത്തിൽ സ്വർണം വാങ്ങുന്പോൾ പണിക്കൂലി പലപ്പോഴും നഷ്ടമാകാറാണ് പതിവ്. ഇതൊഴിവാക്കാൻ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപം നടത്താനാകും. സ്വർണവില കുത്തനെ കൂടിയതോടെ വിവാഹ സീസണായിട്ട് കൂടി കച്ചവടം പകുതിയോളം കുറഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു.

രണ്ടാമത്തെ കാരണം യുക്രെയ്ൻ യുദ്ധവും വെനസ്വേലയിലെ പ്രശ്നങ്ങളുമാണ്. മയക്കുമരുന്ന് കച്ചവടത്തിന് എണ്ണ വിൽപന മറയാക്കുന്നുവെന്ന് പറഞ്ഞാണ് അമേരിക്ക വെനസ്വേലയുടെ എണ്ണക്കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ മയക്കുമരുന്ന് ഉണ്ടെന്ന് തെളിയിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത് തുറന്ന യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതിയാണ് നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയാൻ ഒരു കാരണം. യുദ്ധവും സംഘർഷങ്ങളും പ്രകൃതി ദുരന്തങ്ങളുമൊക്കെ വരുന്പോൾ റിസ്ക് കൂടുതലാണല്ലോ. ഇങ്ങനെ റിസ്കി ടൈമിൽ നിക്ഷേപകരുടെ കണ്ണ് നേരെ പൊന്നിലേക്ക് പോകും. അങ്ങനെ സ്വർണ വില കൂടും. ഗോൾഡ് ഇടിഎഫിലൊക്കെ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.

മൂന്നാമത് സ്വർണ ഡിമാൻഡ് കൂട്ടുന്നത് കേന്ദ്ര ബാങ്കുകളാണ്. ഡോളറിന്റെ പ്രാമുഖ്യം കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങൽ ഇരട്ടിയാക്കിയിരുന്നു. 36,000 മെട്രിക് ടൺ സ്വർണം ആണ് കേന്ദ്ര ബാങ്കുകൾ വാങ്ങിക്കൂട്ടിയത് . ആർബിഐയും പിന്നിലല്ല. 880 മെട്രിക് ടൺ സ്വർണമാണ് ആർബിഐ വാങ്ങിയത്. ഡോളറിന് കരുത്ത് കുറഞ്ഞതും സ്വർണത്തിന് അനുകൂലമായി.
10 ശതമാനം പണിക്കൂലിയും ജി എസ് ടിയും ചേർത്ത് ഇന്ന് ഒരു പവൻ ആഭരണരൂപത്തിൽ വാങ്ങാൻ 1,15,429 രൂപയാകും.

ഒരു പവൻ ആഭരണമായി വാങ്ങാൻ

ഒരു പവന്റെ വില 1,01,880 രൂപ
ജി എസ് ടി (3%) 3,056 രൂപ
പണിക്കൂലി (10%) 10,493 രൂപ
ആകെ 1,15,429 രൂപ

സ്വിറ്റ്സർലൻഡും തുർക്കിയും ദുബായും ഹോങ്കോങ്ങുമൊക്കെ സ്വർണവില കുറവുള്ള സ്ഥലങ്ങളാണ്. കുറഞ്ഞ നികുതി, ഇറക്കുമതി തീരുവ, പണിക്കൂലി, മത്സരാധിഷ്ഠിത വിപണി എന്നിവ സ്വർണവില കുറയ്ക്കുന്ന ഘടകങ്ങളാണ്. സ്വർണവില കുത്തനെ കൂടിയപ്പോൾ ഹോങ്കോങ്ങിലും ഓസ്ട്രേലിയയിലുമൊക്കെ സ്വർണം വാങ്ങാൻ ക്യൂ നിൽക്കുന്നവർ കൗതുകം ഉണർത്തിയിരുന്നു.

വിലക്കയറ്റത്തെ പ്രതിരോധിക്കുന്ന നിക്ഷേപം കൂടിയാണ് സ്വർണം. 1925ൽ ഒരു പവൻ സ്വർണത്തിന് വില 13.75 രൂപ. അന്ന് ഒരു കിലോ അരിയുടെ വില 2 അണ. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില അല്ലെങ്കിൽ 13.75 രൂപയ്ക്ക് 110 കിലോ അരി വാങ്ങാം. എന്നാൽ ഇന്ന് സ്വർണം പവന് 1,01,880 രൂപ. കിലോയ്ക്ക് 50 രൂപയെന്ന് കണക്കാക്കിയാൽ 110 കിലോ അരിക്ക് 5,500 രൂപ മാത്രം. അങ്ങനെ പല ഇനങ്ങൾ നോക്കുന്പോഴും വിലക്കയറ്റ കാലത്തും മികച്ച റിട്ടേൺ സ്വർണം തരുന്നതായി കാണാം.

വിലയേറിയതോടെ സ്വർണ ഖനനം പൊടിപൊടിക്കുകയാണ്. ലൈബീരിയ പോലുള്ള രാജ്യങ്ങളിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കന്പനികൾ ഖനനം നടത്തുകയാണ്. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നെന്നും പരാതിയുണ്ട്.

വിലക്കുതിപ്പിനെ തുടർന്ന് ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഒരു വർഷം കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 45,085 രൂപയുടെ വർധനയാണ്. 2026 ൽ സ്വർണം ഔൺസിന് 4,900 ഡോളറെത്തുമെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം.

സ്വർണവില പല വർഷങ്ങളിൽ
1925 13.75 രൂപ
1970 135.30 രൂപ
1985 1573 രൂപ
2005 6255 രൂപ
2009 11,077 രൂപ
2012 20,880 രൂപ
2020 32,000 രൂപ
2023 44,000 രൂപ
2024 50,200 രൂപ
2025 ഡിസംബർ 23 1,01,600 രൂപ
2025 ഡിസംബർ 24 1,01,880 രൂപ