ശബരിമല സ്വര്‍ണക്കൊള്ള: എഫ്‌ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഇഡിയ്ക്ക് രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന വാദം സര്‍ക്കാര്‍ മുന്നോട്ട് വെക്കും. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഇഡി ആവശ്യത്തെ എതിര്‍ക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. എന്നാല്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രേഖകള്‍ വേണമെന്ന നിലപാടിലാണ് ഇഡി. ഇക്കാര്യത്തില്‍ കോടതി തീരുമാനം നിര്‍ണ്ണായകമാണ്.

സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി ഇന്നലെ എസ്ഐടി രേഖപ്പെടുത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്തതിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നീക്കം.

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. ഒരു വ്യവസായി തന്നോട് അത് സംബന്ധിച്ച് ഇടപാടുകളെ കുറിച്ച് വ്യക്തമാക്കി എന്നായിരുന്നു രമേശ് ചെന്നിത്തല അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഇന്ന് ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. തന്റെ കയ്യില്‍ തെളിവില്ലെന്നും വ്യവസായി തന്നോട് പങ്കുവെച്ച് വിവരം അന്വേഷണ സംഘത്തെ അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും കിട്ടിയ വിവരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വ്യവസായിയെ കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.