നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ഏറ്റവും മികച്ച രീതിയിലുള്ള ശിക്ഷ ലഭിച്ചുവെന്ന് മന്ത്രി പി രാജീവ്. വിധി അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഉള്ള അംഗീകാരമാണ് 20 വര്ഷം എന്നത് പരമാവധി ശിക്ഷയായാണ് കാണുന്നത്. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തവർക്ക് മാതൃകാപരമായ ശിക്ഷ തന്നെയാണ് നൽകിയിരിക്കുന്നത് നല്ല സന്ദേശം തന്നെ സമൂഹത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വിധി പകർപ്പ് വന്നതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും. അന്വേഷണ സംഘം കണ്ടെത്തുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാകുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യുഷൻ വാദിക്കുന്നത്. ഈ കേസിൽ അതിജീവിത ആവശ്യപ്പെട്ടത് പ്രകാരമാണ് സർക്കാർ സ്പെഷ്യൽ പ്രോസിക്യുട്ടറെ നിയോഗിച്ചത്. അവരെല്ലാം നല്ല രീതിയിൽ തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. വിധിയെ വിമർശിക്കാം, എന്നാൽ വിധി പറയുന്ന ജഡ്ജിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമർശിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ ഇത്തരമൊരു കുറഞ്ഞ ശിക്ഷ നല്‍കുന്നത് നീതിപീഠത്തെ സംബന്ധിച്ച തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. നീതിക്ക് വേണ്ടിയാണ് വര്‍ഷങ്ങളോളം തങ്ങള്‍ കോടതിയില്‍ വെന്തുനീറിയത്. നീതി കിട്ടിയില്ലെന്നല്ല പരിപൂര്‍ണ നീതി കിട്ടിയില്ല എന്നാണ് പ്രോസിക്യൂഷന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപിനെ ഉള്‍പ്പെടെ വെറുതെ വിടുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും സമര്‍പ്പിച്ചിട്ടും സ്വീകരിക്കാതെ പോയ തെളിവുകള്‍ ഏതൊക്കെയെന്നും ജഡ്ജ്‌മെന്റ് പൂര്‍ണമായി വായിച്ച ശേഷമേ പ്രതികരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. ശിക്ഷാ വിധി കുറഞ്ഞ് പോയതില്‍ അപ്പീല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.







