സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്. ഇന്ന് ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കും. ശശി തരൂര്‍ എംപിയെക്കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പൊതുസേവനം, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് എച്ച്ആര്‍ഡിഎസ് വിശദീകരിക്കുന്നത്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂന്നി പ്രവര്‍ത്തിച്ചിരുന്ന ശ്രദ്ധേയ നേതാവായ സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം, ആര്‍എസ്എസ് ബന്ധമുള്ള സംഘടന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഒരു കോണ്‍ഗ്രസുകാരനും സവര്‍കര്‍ പുരസ്‌കാരവും വാങ്ങാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രക്തം സിരകളിലൂടെ ഒഴുകുന്ന ആളുകള്‍ക്ക് പുരസ്‌കാരം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഞാനെന്തുകൊണ്ട് ഹിന്ദുവാണ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തേയും സവര്‍ക്കറേയും വിമര്‍ശിച്ചിട്ടുള്ളയാളാണ് ശശി തരൂര്‍. സവര്‍ക്കറുടെ പേരിലെ പുരസ്‌കാരം തരൂരിന് എന്ന വാര്‍ത്ത അവസരമാക്കി സിപിഐഎമ്മും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. സവര്‍ക്കാര്‍ പുരസ്‌കാരം വാങ്ങാന്‍ അര്‍ഹതയുള്ള നിരവധി ആളുകള്‍ കോണ്‍ഗ്രസിലുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.