ശബരിമല സ്വര്‍ണക്കൊള്ള; ‘ലഭിച്ച വിവരങ്ങള്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴിയായി നല്‍കും’; രമേശ് ചെന്നിത്തല

തനിക്കറിയാവുന്ന ഒരു വ്യവസായിയാണ് സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചതെന്ന് രമേശ് ചെന്നിത്തല. തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴിയായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എസ്‌ഐടിക്ക് മൊഴി നല്‍കാനിരിക്കെയാണ് പ്രതികരണം.

എസ്‌ഐടിയോട് ഇന്ന് ഈ കാര്യങ്ങളെല്ലാം ഞാന്‍ പറയും. അത് കഴിഞ്ഞ് അദ്ദേഹത്തെ വിളിച്ച് ചോദ്യം ചെയ്യട്ടെ. എനിക്കൊരു വിവരം കിട്ടിയപ്പോള്‍ അറിയിക്കേണ്ടത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തരവാദിത്തമായി കരുതുന്നു. ഇത്ര പ്രമാദമായ കേസാവുമ്പോള്‍ കിട്ടിയ വിവരം ഒതുക്കി വെക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി – അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞത്. കോടതിയിലെത്തി രഹസ്യമൊഴി നല്‍കാന്‍ തന്നോട് വെളിപ്പെടുത്തല്‍ നടത്തിയ വ്യവസായി തയ്യാറാണ്. എനിക്ക് ലഭിച്ച വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കും. എന്നോട് വെളിപ്പെടുത്തല്‍ നടത്തിയ ആളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യട്ടെ. എല്ലാവര്‍ഷവും ശബരിമലയ്ക്ക് പോകുന്ന ഒരു അയ്യപ്പഭക്തനാണ് ഞാന്‍ അതിനാല്‍ ഇത്തരം ഒരു വിവരം കിട്ടിയത് പങ്കുവെക്കണമെന്ന് തോന്നി – അദ്ദേഹം പറഞ്ഞു.