ശബരിമല സ്വര്‍ണക്കൊള്ള: വിവരങ്ങള്‍ കൈമാറാന്‍ രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്‍പില്‍ ഹാജരാകും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരം കൈമാറാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്‍പില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലാകും രമേശ് ചെന്നിത്തല എത്തുക. സ്വര്‍ണക്കൊള്ളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തലവന് രമേശ് ചെന്നിത്തല കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം.

പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തില്‍ പറയുന്നു. പുരാവസ്തു കടത്തിലെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നല്‍കിയത്.

ശബരിമല സ്വര്‍ണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഈ കേസിലെ സഹ പ്രതികള്‍ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ലെന്ന് കത്തില്‍ പറയുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് തന്നോട് പറഞ്ഞത് ഒരു വ്യവസായിയാണ്. പ്രത്യേക അന്വേഷണസംഘം തയ്യാറെങ്കില്‍ വ്യവസായിയുടെ വിവരങ്ങള്‍ കൈമാറും. ഭയം ഉള്ളതുകൊണ്ടാണ് വ്യവസായി നേരിട്ട് വരാത്തത്. അവര്‍ അന്വേഷിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.