Headlines

വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല

തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍പട്ടികയില്‍ ഇത്തവണ മമ്മൂട്ടിയുടെ പേര് ചേര്‍ത്തിട്ടില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സ്‌കൂളില്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പതിവുപോലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. .വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റു വാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോളിങ്ങ് ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട്.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 6 മണിക്ക് മോക് പോളിങ്ങ് തുടങ്ങും. ഒന്നാംഘട്ടത്തില്‍ 7 ജില്ലകളിലായി 6251219 പുരുഷന്മാരും 7032444 സ്ത്രീകളും 126 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 13283789 വോട്ടര്‍മാരാണ് സമ്മതിദാനാവാകാശം വിനിയോഗിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ 480 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധിക പ്രശ്നബാധിത ബൂത്തകളുളളത്. ജില്ലയിലെ 186 ബൂത്തുകളിലാണ് പ്രശ്നസാധ്യതയുളളത്. പ്രശ്നബാധിത ബൂത്തുകളില്‍ അധികസുരക്ഷയും വെബ് കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.