പുരുഷ സമൂഹത്തെ പുതിയ കാലത്തിനും കുടുംബ ജീവിതത്തിനും പരുവപ്പെടുത്തി വിദ്യാഭാസം നൽകാൻ ഒരു പുരുഷ കമ്മീഷൻ അത്യാവശ്യമായി വേണമെന്ന് എഴുത്തുകാരി കെ ആർ മീര. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കേരളം സംഘടിപ്പിച്ച അഭിമുഖത്തിലാണ് കെ.ആർ മീര, അടുത്തിടെ രാഹുൽ ഈശ്വർ അടക്കം ഉന്നയിച്ച വിഷയത്തെ കുറിച്ചുള്ള വിഷയത്തിൽ സംസാരിച്ചത്.
“വ്യക്തികളെ മാറ്റി നിർത്തൂ, അനുഭവിച്ച് പോന്നിരുന്ന പ്രിവിലേജുകൾ നഷ്ടപ്പെടുന്നത് തന്നെ പീഡനമായി ചില പുരുഷന്മാർക്ക് അനുഭവപ്പെടാം. അങ്ങനെയുള്ളവർക്ക് വിദ്യാഭ്യാസം നല്കുകയല്ലാതെ എന്താ മാർഗം?. കുഞ്ഞേ ഇത് പീഡനമല്ല, ഇത് നീ ഇത്ര നാൾ അനുഭവിച്ചിരുന്ന ചില പിവിലേജുകൾ, നിന്റെ അത്ര തന്നെ അവകാശങ്ങളുള്ള, നിന്റെ അത്ര തന്നെ ജന സംഖ്യാ ശക്തിയില്ല ഒരു വിഭാഗത്തെ അടിമപ്പെടുത്താൻ മുൻ തലമുറ ചിട്ടപ്പെടുത്തിയ ചില നിയമങ്ങളുടെ ബാക്കിപത്രമാണ്, അതിനെ നീ വിട്ടു കൊടുക്കണം, എങ്കിലേ നാമൊരു നല്ല സമൂഹമാകൂ എന്ന് ആ കുട്ടികളോട് പറഞ്ഞു കൊടുക്കണം” കെ ആർ മീര പറയുന്നു.
തനിക്ക് പുരുഷ വിരോധമില്ല, മറിച്ച് പുരുഷനെയും സ്ത്രീയെയും ഒരുപോലെയാണ് താൻ കാണുന്നതെന്നും കഥാകാരി പറഞ്ഞു. പുരുഷമാർക്ക് പ്രണയിക്കാൻ അറിയില്ല എന്ന് താൻ പറഞ്ഞു എന്ന രീതിയിൽ അടുത്തിടെ പ്രചരിച്ചത് തെറ്റായ വാർത്തയായിരുന്നു എന്നും കെ ആർ മീര പറയുന്നു.
“ഒരു പരിപാടിയിൽ അവതാരക എന്നോട് ചോദിച്ചു, പല പ്രശ്നങ്ങൾക്കും ഇടയിൽ എങ്ങനെ പനയ്ക്കണമെന്നു പുരുഷന്മാർക്ക് അറിയില്ല, അവരെ പഠിപ്പിക്കണ്ടേ എന്ന് എന്നോട് ചോദിച്ചു. ഞാൻ അതിന് മറുപടിയായി ‘അതിനാണ് ഞാൻ ശ്രമിക്കുന്നത് എന്ന് പറഞ്ഞു. എന്നാൽ പിന്നീട് പുരുഷമാർക്ക് പ്രണയിക്കാൻ അറിയില്ല എന്ന് കെ ആർ മീര പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് എന്റെ ചിത്രം വെച്ചുകൊണ്ട് ആളുകൾ ഇത് പ്രചരിപ്പിക്കാൻ തുടങ്ങി. ആയിക്കോട്ടെ എന്ന് ഞാനും കരുതി” കെ ആർ മീര കൂട്ടിച്ചേർത്തു.






