Headlines

കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. കാട്ടാനയെ കണ്ടപ്പോള്‍ കാളിമുത്തുവും സംഘവും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാളിമുത്തു അക്രമത്തിനിരയായി.

രാവിലേ ഏഴോടെയാണ് കാളിമുത്തു, അച്യുതന്‍, കണ്ണന്‍ എന്നിവര്‍ മുള്ളി വനത്തിലെ ബ്ലോക്ക് 12ല്‍ കടുവ കണക്കെടുപ്പിനു പോയത്. തിരികെ വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. ആനയെ കണ്ടതോടെ പരിഭ്രാന്തരായ മൂവരും ചിതറി ഓടിയെങ്കിലും കാളിമുത്തുവിനെ ആന ആക്രമിച്ചു. അച്യുതന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്.

അഗളി നെല്ലിപ്പതി ഉന്നതിയിലെ താമസക്കാരനാണ് 52കാരനായ കാളിമുത്തു. കാളിമുത്തുവിനെ കാണുന്നില്ലെന്ന് കൂടെയുള്ളവര്‍ വനംവകുപ്പില്‍ അറിയിച്ചതിനു പിന്നാലെ RRT നടത്തിയ തിരച്ചിലിലാണ് മുള്ളി വനം മേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഓടിരക്ഷപ്പെടുന്നതിനിടെ വീണ വാച്ചര്‍ അച്യുതന് തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുതൂര്‍ റേഞ്ചില്‍ 5 അംഗ വനംവകുപ്പ് സംഘം കടുവാ സെന്‍സസിനിടെ കാട്ടില്‍ കുടുങ്ങിയിരുന്നു. വഴിതെറ്റിയ ഇവരെ 18 മണിക്കൂറിനുശേഷമാണ് തിരികെയെത്തിച്ചത്.