Headlines

ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര പൊതുമരാമത്ത് റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് അടിയന്തര റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട്ട് നൽകാൻ ആണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരമാണ് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. സംരക്ഷണ ഭിത്തി സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂൾബസ് അടക്കം നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്. റോഡ് ഉയരത്തിൽ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്.

സർവീസ് റോഡിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റാൻ ക്രെയിൻ എത്തിച്ചിട്ടുണ്ട്. വീണ്ടും ഇടിയാൻ സാധ്യതയുള്ളതിനാൽ സംഭവ സ്ഥലത്ത് നിന്ന് ആളുകളം പൊലീസ് ഒഴിപ്പിച്ചു. ഗതാഗതം പൂർണമായി തടസപ്പെട്ടതിനെ തുടർന്ന് പൊലീസ് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നുണ്ട്. അപകട സ്ഥലം വഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവെച്ചതായി പൊലീസ് പറഞ്ഞു.