പുതിയ നീക്കവുമായി അതിജീവിത; അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണം; രാഹുൽ സഞ്ചരിച്ച കാർ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു

ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി അതിജീവിത. അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണം എന്നാവശ്യപ്പെട്ട് അതിജീവിത ഹർജി നൽകി. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. നേരത്തെ പ്രതി രാഹുൽ മങ്കൂട്ടത്തിൽ ഇതേ ആവശ്യത്തിൽ ഹർജി നൽകിയിരുന്നു.

നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്. ഇതിനിടെ, പാലക്കാട് തുടരുന്ന എസ്ഐടി സംഘം വീണ്ടും രാഹുലിന്‍റെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയര്‍ടേക്കറുടെ മൊഴി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയർടേക്കര്‍ മൊഴി നൽകി.

ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹര്‍ജി നൽകിയത്. കോടതിക്ക് നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം കഴിയും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി ആവശ്യപ്പെടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം.

അതേസമയം, ഒളിവിലുള്ള രാഹുലിനായി തമിഴ്നാട്ടിൽ ഒന്നിലധികം പൊലീസ് സംഘങ്ങൾ തെരച്ചിൽ നടത്തുകയാണ്. തെരച്ചിലിനായി എസ്ഐടി തമിഴ്നാട് പൊലീസ് രഹസ്യന്വേഷണ വിഭാഗത്തിന്‍റെ സഹായം തേടി. ഞായറാഴ്ച വരെയുള്ള രാഹുലിന്‍റെ സഞ്ചാരപാത ലഭിച്ചെന്നാണ് വിവരം. രാഹുൽ മാങ്കൂട്ടം ഒളിച്ചത് കർണാടകയിൽ ബാഗലൂരിൽ ആണ്. രാഹുൽ സഞ്ചരിച്ച കാർ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.