സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ ബോധപൂര്‍വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ഇരയുടെ ഐഡന്റിറ്റി മനപൂര്‍വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും അത് ചെയ്തത് ഡിവൈഎഫ്‌ഐ ആണെന്നുമാണ് സന്ദീപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ അന്ന് അപ്ലോഡ് ചെയ്തിരുന്നു. അത് പലരും ദുരുപയോഗം ചെയ്യുകയാണെന്നാണ് സന്ദീപിന്റെ വാദം. ശ്രദ്ധയില്‍പ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂര്‍വ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യര്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ച കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിലായിരുന്നു കേസ്. കേസില്‍ രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയും രഞ്ജിത പുളിക്കന്‍ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്.