‘ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ല’; ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ

ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ. കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ ഗ്രൂപ്പില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ഓഡിയോ സന്ദേശം.

ഇലക്ഷന്‍ കമ്മീഷനും റവന്യൂവിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ എല്ലാ തരത്തിലും ചൂഷണം ചെയ്യുകയാണ്. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിട്ടാണ് ഈ അടിമപ്പണി ചെയ്യിക്കുന്നത്. ഇത് ദയവായി നിര്‍ത്തണം. എന്റെ മാനസികനില തകര്‍ന്നു പോകുന്ന അവസ്ഥയാണ്. പലരുമായി സംസാരിച്ച് മനുഷ്യന്റെ സമനിലയും മാനസികമായ ആരോഗ്യവും നഷ്ടപ്പെട്ടു. ഒന്നുകില്‍ ഞാന്‍ ആരെയെങ്കിലും കൊല്ലും. അല്ലെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലും. ദയവായി ഈ ജോലിയില്‍ നിന്ന് പിന്മാറാന്‍ അനുവദിക്കണം. മടുത്ത്, സഹികെട്ടാണിത് പറയുന്നത്. വില്ലേജ് ഓഫീസിന് മുന്നില്‍ വന്ന് വിഷം കഴിച്ച് മരിക്കും. അത്രയും മാനസിക സമ്മര്‍ദമാണ്. സൈ്വര്യമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമില്ല – അദ്ദേഹം പറയുന്നു.

ഡിജിറ്റലൈസേഷന്‍ ഒരു മിനുട്ട് കൊണ്ട് ചെയ്യാമെന്ന് പറയുന്നു. നിങ്ങള്‍ക്കൊക്കെ എസി റൂമില്‍ ഇരുന്നുകൊണ്ട് പറയാം. പുറത്ത് വെയിലുകൊണ്ട് നടക്കുന്ന മനുഷ്യരുടെ ബുദ്ധിമുട്ട് എന്താണെന്ന് അറിയില്ല. ജനത്തിന്റെയും നിങ്ങളുടെയും തെറി കേള്‍ക്കാന്‍ പറ്റില്ല. ഒന്നുകില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. അതിന് ഉത്തരവാദി ഈ ഇലക്ഷന്‍ കമ്മീഷനും എസ്‌ഐആറുമാണെന്ന് മാത്രമേ പറയാനുള്ളു – അദ്ദേഹം പറഞ്ഞുവെക്കുന്നു.