ന്യൂയോർക്ക് നിയുക്ത മേയറായ ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മംദാനിക്ക് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകും. മംദാനിയും താനും ന്യൂയോർക്ക് നഗരം മികച്ചതായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും പല കാര്യങ്ങളിലും തങ്ങൾ യോജിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് പ്രശംസിച്ചു. ന്യൂയോർക്കിലെ ജീവിതചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് പരസ്പരം രൂക്ഷ വിമർശനങ്ങളാണ് ട്രംപും മംദാനിയും നടത്തിയിരുന്നത്. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ജനുവരി ഒന്നിനാണ് മംദാനി ന്യൂയോർക്ക് മേയറായി ചുമതലയേൽക്കുന്നത്.






