അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്; കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്ക് പങ്കുള്ളതായി എൻ ഐ എ

അവയവ കച്ചവടത്തിനായി ഇറാനിലേക്കുള്ള മനുഷ്യക്കടത്തിന് കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾ സഹായിച്ചെന്ന് എൻഐഎക്ക് വിവരം. സ്വകാര്യ ആശുപത്രികളുടെ സഹായം ലഭിച്ചുവെന്ന് മുഖ്യപ്രതി മധു ജയകുമാർ മൊഴി നൽകിയെന്നാണ് സൂചന. രോഗികളുടെ വിവരങ്ങൾ അടക്കം കൈമാറി.

ഇന്ത്യയിലെ റാക്കറ്റ് ഇറാനിലേക്ക് കടത്തിയത് നൂറുകണക്കിന് പേരെ. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ പ്രവർത്തനം. ഉത്തരേന്ത്യൻ റാക്കറ്റിലേക്കും NIA അന്വേഷണം വ്യാപിപ്പിച്ചു. 50 ലക്ഷം വരെ വാഗ്ദാനം ചെയ്തായിരുന്നു മനുഷ്യക്കടത്തെന്നും മൊഴി.

മുഖ്യപ്രതിയായ മധുവിനെ ഈ മാസം 7 നാണ് NIA അറസ്റ്റ് ചെയ്തത്. ഇറാനിലേക്കുള്ള അവയവക്കടത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന് എൻ ഐ എ അറിയിച്ചു. മുഖ്യപ്രതി മധു ജയകുമാറിനെ ചോദ്യം ചെയ്യുന്നതിനിടയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

പാലക്കാട് സ്വദേശിയായ ഷമീർ നിലവിൽ കേസിൽ സാക്ഷിയാണ്. ചെന്നൈയിലാണ് ഇയാൾ താമസിക്കുന്നത്. ഇയാൾ കുറ്റകൃത്യത്തിൽ ഇടപെട്ടതിന്റെ ഡിജിറ്റൽ തെളിവുകളും ബാങ്ക് ട്രാൻസാക്ഷൻസും അന്വേഷണ സംഘത്തിന് ലഭിച്ചു.

ഓരോ ഡോണറിനെയും റിക്രൂട്ട് ചെയ്യുമ്പോൾ കമ്മീഷനായി 1.5 ലക്ഷം രൂപ വീതം ഇയാൾക്ക് ലഭിച്ചതായും വിവരം. ഡോണർമാരിൽ അധികവും ജമ്മു കാശ്മീർ ഡൽഹി തമിഴ്നാട് സ്വദേശികളാണ്. ആദ്യം ശ്രീലങ്ക കേന്ദ്രീകരിച്ചാണ് മധു അവയവ കടത്ത് നടത്തിയിരുന്നത്.

അവ ജേക്കബ് എന്ന വ്യവസായിയുടെ സാമ്പത്തിക ഇടപാടുകളുടെ മറവിലാണ് പണം കൈപ്പറ്റിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി. എറണാകുളത്തെ പല സ്വകാര്യ ആശുപത്രികളും അവയവ കടത്ത് സംഘവുമായി ആശയവിനിമയം നടത്തി. ഡോണറിനെ ലഭിച്ചാൽ രോഗികളോട് വിദേശത്തുപോയി അവയവമാറ്റം നടത്താൻ ആശുപത്രികൾ നിർദ്ദേശം നൽകുന്നതായും വിവരം ലഭിച്ചതായി എൻഐഎ അറിയിച്ചു.