ആലപ്പുഴ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ പതിച്ചുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. നരഹത്യ കുറ്റം ചുമത്തിലായണ് കേസെടുത്തത്. ഹരിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം.
ഗർഡറുകൾ ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ നിലം പതിക്കുകയായിരുന്നു. ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോയ രാജേഷിന്റെ പിക്ക് അപ്പ് വാനിന് മുകളിലേക്കാണ് 100 ടൺ വീതം ഭാരമുള്ള ഗർഡറുകൾ വീണത്. വാഹനം പൂർണമായി തകർന്നു. ഡ്രൈവർ ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഹൈഡ്രോളിക് ജാക്കിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് കരാർ കമ്പനി അശോക ബിൽഡ് കോണിന്റെ വിശദീകരണം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സംഭവത്തിൽ റിപ്പോർട്ട് തേടി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്നും മന്ത്രി അറിയിച്ചു. അതേസമയം നഷ്ടപരിഹാരകാര്യത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം. ദേശീയപാത അതോറിറ്റിയിൽ നിന്നോ സർക്കാരിൽ നിന്നോ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ആരോപണം.








