Headlines

ധ‍ർമസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടിക്ക് അന്വേഷണം തുടരാം, സ്റ്റേ നീക്കി കർണാടക ഹൈക്കോടതി

ദില്ലി: ധ‍ർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം എന്ന് കർണാടക ഹൈക്കോടതി. അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് മൊഹമ്മദ് നവാസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ നീക്കിയത്. തിമരോടി ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. എസ്ഐടി തുടരെ നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹ‍ർജി. ഹ‍ർജിക്കാരെ പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലായിരുന്നു അന്വേഷണം സ്റ്റേ ചെയ്തുളള നടപടി വന്നത്. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങൾക്ക് 9 തവണ സമൻസ് അയച്ചു കഴിഞ്ഞെന്നും പത്താമത്തെത് ഓക്ടോബര്‍ 27ന് കിട്ടിയെന്നും ഇത് നിയമവിരുദ്ധ നടപടി ആണെന്നും കാണിച്ചാണ് നാൽവർ സംഘം ഹൈക്കോടതിയിൽ എത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തത് മജിസ്ട്രേറ്റിന്റെ അനുമതി ഇല്ലാതെയാണെന്നും പരാതിയിൽ പറയുന്നുണ്ട്. ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയായില്ല എന്ന് വിമർശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് അന്വേഷണം തുടരാനുള്ള ഉത്തരവ് കോടതി നല്‍കിയത്.