Headlines

എൽഡിഎഫിൽ ജെഡിഎസിന് ലഭിക്കുന്ന പരിഗണന ആർജെഡിക്ക് ലഭിക്കുന്നില്ല; അതൃപ്തി പ്രകടമാക്കി ശ്രേയാംസ്

എൽഡിഎഫിൽ ജെഡിഎസിന് ലഭിക്കുന്ന പരിഗണന ആർജെഡിക്ക് ലഭിക്കുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ. താഴെതട്ടിൽ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ട്. കോഴിക്കോട് കോർപ്പറേഷനിലേക്ക് സീറ്റ്‌ വിഭജനം സംബന്ധിച്ച് ചർച്ച നടക്കുന്നു. ചില അഭിപ്രായ ഭിന്നതകൾ ഉണ്ട് എന്നത് വസ്തുത. മുന്നണി മാറ്റം ചർച്ചയിൽ ഇല്ലെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.

എൽഡിഎഫ് വിടുന്ന കാര്യം ചർച്ചയിൽ ഇല്ല. ഒരു ചർച്ച ഇത് സംബന്ധിച്ച് നടന്നിട്ടില്ല. സൗഹൃദ സന്ദർശനങ്ങൾ പോലും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. കോഴിക്കോട് കോർപ്പറേഷനിലെ സീറ്റ് വിഭജനത്തിൽ സംസ്ഥാന പ്രസിഡന്റായ തനിക്ക് ഇടപെടാനാവില്ല. ആർ ജെ ഡി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടത് സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിൽ ഇന്ന് കൂടി ചർച്ച തുടരും. ഇന്നോ നാളെയോ തീരുമാനം ഉണ്ടാകും. യുഡിഎഫ് വിപുലീകരണത്തിൽ ആർജെഡിയുടെ പേര് പറയുന്നത് അവരുടെ സ്വാതന്ത്ര്യം. അത് തനിക്ക് തടയാൻ പറ്റുമോ?. യുഡിഎഫ് ഇങ്ങനെ ചൂണ്ടയിട്ടു കൊണ്ടിരിക്കും. അവർ ചൂണ്ടയിടട്ടെ

മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ചർച്ച നടന്നു എന്നത് അഭ്യൂഹങ്ങൾ മാത്രം. കോൺഗ്രസ് നേതാവോ ലീഗ് നേതാവോ തന്നെ കാണാൻ വരുന്നതിനർത്ഥം മുന്നണിമാറ്റം എന്നാണോ. രാഷ്ട്രീയമെന്നൽ വ്യക്തിബന്ധം പാടില്ല എന്നുള്ളതാണോ.

എത്രയോ വർഷമായി അറിയുന്ന ആളുകൾ തമ്മിൽ കാണുന്നതിൽ എന്താണ് തെറ്റ്. രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധങ്ങൾ ബന്ധങ്ങളായി തന്നെ തുടരും. വ്യക്തിപരമായി ആളുകളെ ഇനിയും കാണുക തന്നെ ചെയ്യും. അക്കാര്യത്തിൽ തനിക്ക് വിലക്കേർപ്പെടുത്താൻ മാധ്യമങ്ങൾക്കാവില്ല. മാധ്യമങ്ങൾ ഭാവനയ്ക്കനുസരിച്ച് കാര്യങ്ങൾ സൃഷ്ടിച്ചോളൂ.

ചർച്ചയിൽ തർക്കങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതെല്ലാം അതാത് ഘടകങ്ങൾ പരിഹരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണമുണ്ടാകുമെന്നാണ് പ്രതീക്ഷ. മുന്നണിയിൽ ഘടകകക്ഷികൾ കൂടുതൽ ഉണ്ടാകുമ്പോൾ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.