പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; നടപടി ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം

പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി. തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനിൽ ലീഗ് വിമത സ്ഥാനാർഥി. നിലവിലെ ഇരുപത്തി നാലാം ഡിവിഷൻ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്.

നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ്‌ 25-ാം ഡിവിഷൻ തിരൂരങ്ങാടി കെ.സി. റോഡ്‌ ഡിവിഷനിൽ പ്രചാരണം തുടങ്ങിയത്‌.വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക്‌ ഇവരുടെ പേര്‌ ഉയർന്നിരുന്നതാണ്‌. തർക്കമുയർന്നതോടെ ഇവർക്ക്‌ സ്ഥാനാർഥിത്വം ഇല്ലെന്ന്‌ കഴിഞ്ഞദിവസം ചേർന്ന തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ്‌ ഉന്നതാധികാരസമിതി തീരുമാനിച്ചു. അതോടെ കാലൊടി സുലൈഖ വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങുകയായിരുന്നു.

സിപി ഹബീബയാണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി. നിലവിലെ കൗൺസിലർ മുസ്‌ലിംലീഗിലെ സി.പി. ഹബീബ ഈ ഡിവിഷനിൽ യുഡിഎഫ്‌ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ചെയർപേഴ്‌സൺ സ്ഥാനത്തേക്കും ഇവരുടെ പേരാണ് ഉയർന്നുകേൾക്കുന്നത്‌. അതിനിടെയാണ്‌ വിമതസ്ഥാനാർഥി രംഗത്തെത്തിയത്‌. മുൻപും വിമത സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിക്കുകയും ഗ്രാമപ്പഞ്ചായത്ത്‌ അംഗമാവുകയും ചെയ്തയാളാണ്‌ കാലൊടി സുലൈഖ.

സുലൈഖ കാലൊടിയെ ഇടതുപക്ഷം പിന്തുണയ്ക്കാൻ സാധ്യതയുണ്ട്‌. സ്ഥാനങ്ങൾക്ക് വേണ്ടിയല്ല ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കുന്നത് എന്ന് സുലൈഖ കാലൊടി പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.