ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്ന് അന്വേഷണ ഏജന്‍സികള്‍. ഡോ. മുസമ്മില്‍ അറസ്റ്റില്‍ ആയതിന് പിന്നാലെ ഉമ്മര്‍ മുങ്ങിയതായും പൊലീസ് പറയുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഉമര്‍ അല്‍ ഫലഹ് സര്‍വകലാശാലയില്‍ എത്തിയത്. തിങ്കളാഴ്ച വീട്ടില്‍ എത്തും എന്ന് ഉമര്‍ അറിയിച്ചിരുന്നതായി കുടുംബം വ്യക്തമാക്കുന്നു.
11 മണിക്കൂര്‍ സമയമാണ് സ്‌ഫോടനം നടത്തിയ കാര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപവും കാര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍വ്യക്തമാക്കുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് കാര്‍ കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപം കണ്ടത്. പാര്‍ക്കിങ്ങില്‍ നിന്നും യു ടേണ്‍ എടുത്താണ് കാര്‍ സിഗ്നലിന് സമീപത്തേക്ക് എത്തിയതെന്ന് വിവരം. തിരക്കേറിയ പല ഇടങ്ങളിലും കാര്‍ സഞ്ചരിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
70 കിലോയോളം അമോണിയം നൈട്രേറ്റാണ് കാറില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനം നടത്തിയത് ഡിറ്റിനേറ്ററോ, ടൈമറോ ഉപയോഗിച്ച് എന്നാണ് സൂചന.
തീ കെടുത്താന്‍ വെള്ളം ഉപയോഗിച്ചത് രാസ പരിശോധനയ്ക്ക് വെല്ലുവിളിയാകുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. കാറില്‍ ഐഇഡി ഉണ്ടായിരുന്നതിന് ഇതുവരെയും തെളിവ് ലഭിച്ചില്ല. വയറുകളോ, ടൈമര്‍ ഉപകരണങ്ങളോ, ഡിറ്റണേറ്ററോ, ബാറ്ററികളോ,ലോഹ ചീളുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഐഇഡി ഉപയോഗിച്ചതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. 40 എക്‌സിബിറ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി.
അതേസമയം, ചെങ്കോട്ട സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാണ്. ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ജോലി ചെയ്തിരുന്ന അല്‍ ഫലാഹ് സര്‍വകലാശാല കേന്ദ്രീകരിച്ച് പരിശോധന. ഫരീദാബാദ് സ്‌ഫോടക വസ്തുക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ എന്‍ഐഎ ചോദ്യം ചെയ്യും. കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി യോഗം വൈകിട്ട് നടക്കും.









